കുട്ടനാട്: നെഹ്റു ട്രോഫിയിൽ മുത്തമിട്ട മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടന് പുളിങ്കുന്നാറ്റിൽ നടന്ന രാജീവ് ഗാന്ധി എവറോളിങ് ട്രോഫിയിലും കിരീടം. ആലപ്പുഴ പുളിങ്കുന്നാറ്റില്‍ എന്‍.സി.ഡി.സി ബോട്ട്ക്ലബ് കുമരകം തുഴഞ്ഞ (മൈറ്റി ഓര്‍സ്) നടുഭാഗം ചുണ്ടനെ ഹീറ്റ്സിലും ഫൈനലിലും തറപറ്റിച്ചാണ് (3.49.51 മിനിറ്റ്) മഹാദേവിക്കാട് വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. അവസാന 10 മീറ്ററില്‍ അവിശ്വസനീയ മുന്നേറ്റം നടത്തിയ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ (റിപ്പിള് ബ്രേക്കേഴ്സ്) വീയപുരം രണ്ടാമതായി തുഴഞ്ഞെത്തി.
പുളിങ്കുന്നാറ്റില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഹീറ്റ്സ് മുതല്‍ തന്നെ തുഴകളില്‍ തീപാറുന്ന മത്സരമാണ് നടന്നത്. രണ്ടാം ഹീറ്റ്സില്‍ ആദ്യസ്ഥാനങ്ങള്‍ പങ്കിട്ടിരുന്ന നടുഭാഗവും മഹാദേവികാട് കാട്ടില്‍ തെക്കതിലും കാരിച്ചാലുമാണ് മത്സരിച്ചത്. ഏറ്റവും മികച്ച സമയത്തോടെയാണ് ഹീറ്റ്സില്‍ പി.ബി.സി (മഹാദേവിക്കാട്) ഒന്നാമതെത്തിയത്. ഹീറ്റ്സില്‍ കാണിച്ച മികവ് ഫൈനലില്‍ പുറത്തെടുക്കാന്‍ നടുഭാഗ (എന്‍.സി.ഡി.സി) ത്തിനായില്ല. വീയപുരമാകട്ടെ ആദ്യമായി ലീഗ് മത്സരത്തില്‍ അഞ്ച് മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തുകയും (3.51.26 മിനിറ്റ്) ചെയ്തു. 3.51.31 മിനിറ്റ് കൊണ്ട് നടുഭാഗം (എന്‍.സി.ഡി.സി) മൂന്നാമതായി ഫിനിഷ് ചെയ്തു.
മൂന്ന് സി.ബി.എല്‍ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 29 പോയന്റുമായി മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി. എന്‍.സി.ഡി.സി നടുഭാഗം ചുണ്ടന് 27 പോയന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. 24 പോയന്റോടെ വീയപുരമാണ് മൂന്നാം സ്ഥാനത്ത്.
ചീഫ് വിപ്പ് പ്രഫ. എന്‍. ജയരാജ് രാജീവ് ഗാന്ധി വള്ളം കളിയും സി.ബി.എല്‍ മൂന്നാം മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ് അധ്യക്ഷതവഹിച്ചു. ആലപ്പുഴ ജില്ല കലക്ടര്‍ വി.ആര്. കൃഷ്ണതേജ സമ്മാനദാനം നടത്തി. കേരള പൊലീസ് ബോട്ട് ക്ലബ് (റേജിങ് റോവേഴ്സ്) ചമ്പക്കുളം (നാല് -20 പോയന്റ്), വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്), പായിപ്പാട് (അഞ്ച് -18 പോയന്റ്), യു.ബി.സി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്), കാരിച്ചാല്‍ (ആറ് -16 പോയന്റ്), ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്), സെന്റ് പയസ് ടെന്ത് (ഏഴ് - 12 പോയന്റ്), കെ.ബി.സി-എസ്.എഫ്.ബി.സി (തണ്ടര്‍ ഓര്‍സ്), ആയാപറമ്പ് പാണ്ടി (എട്ട് -എട്ട് പോയന്റ്), വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്), ദേവാസ് (ഒമ്പത് -ഏഴ് പോയന്റ്) എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയന്റുകളും. ഓരോ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും അധികമായി ലഭിക്കും.
പിറവം, എറണാകുളം (ഒക്ടോബര്‍ ഒന്ന്), മറൈന്‍ ഡ്രൈവ് എറണാകുളം (ഒക്ടോബര്‍ എട്ട്), കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 15), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 22), താഴത്തങ്ങാടി കോട്ടയം (ഒക്ടോബര്‍ 29), പാണ്ടനാട് ചെങ്ങന്നൂര്‍ (നവംബര്‍ അഞ്ച്), കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.