ആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കേജിലെ പദ്ധതികൾ നടപ്പാക്കുന്നത് വൈകുന്നു. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി നടപ്പാക്കുന്നതിന് തടസ്സം. രണ്ടാം കുട്ടനാട് പാക്കേജിൽ 100 കോടി രൂപയുടെ പദ്ധതികൾക്ക് കഴിഞ്ഞവർഷം ജനുവരിയിലാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ ആലപ്പുഴ ജില്ലയിൽ 32 പ്രവൃത്തികളാണ് നടപ്പാക്കുന്നത്. 43.17 കോടി രൂപയാണ് ജില്ലയിലെ പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞവർഷം മാർച്ച് 31ന് മുമ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ നടപ്പാക്കാനാണ് ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചത്.
ഒരു വർഷം ആയിട്ടും ഇപ്പോഴും ഭൂരിഭാഗം പ്രവൃത്തികളുടെയും ടെൻഡർ നടപടികൾ പോലും പൂർത്തീകരിക്കാൻ ഇറിഗേഷൻ വകുപ്പിനായിട്ടില്ല.
കഴിഞ്ഞവർഷം മാർച്ചിലാണ് 100 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയത്. 2020 സെപ്റ്റംബർ 17നാണ് 2447.6 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജലസേചനം, കൃഷി, വ്യവസായം, വൈദ്യുതി, ടൂറിസം, ഫിഷറീസ്, മൃഗസംരക്ഷണം, വാട്ടർ അതോറിറ്റി വകുപ്പുകളാണ് പദ്ധതി തയാറാക്കിയത്.
പാടശേഖരങ്ങളുടെ നവീകരണം, പുറംബണ്ടുകൾ ബലപ്പെടുത്തലുകൾ, മോട്ടോർതറ പുനർനിർമാണം, പുതിയ മോട്ടോർ സ്ഥാപിക്കൽ, വെള്ളം ഒഴുക്കുന്നതിനായി കലുങ്കുകളുടെ നിർമാണം, ബൈപാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കൽ, എക്കൽ, ചെളി എന്നിവ നീക്കി നീരോഴുക്ക് ശക്തിപെടുത്തൽ, ലീഡിംഗ് ചാനലുകളുടെ ആഴം വർധിപ്പിക്കൽ എന്നിവയാണ് നടപ്പാക്കുക. ആലപ്പുഴ ജില്ലയിലെ 32 പ്രവൃത്തികളിൽ ടെൻഡർ നടപടികൾപോലും തുടങ്ങാത്തവയുമുണ്ട്. രണ്ടാം കുട്ടനാട് പാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് സി.പി.എം ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ സമഗ്ര കാര്‍ഷിക പുരോഗതിയാണ് കുട്ടനാട് പാക്കേജിന്റെ ലക്ഷ്യം. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അത് കരിമണൽ ഖനനത്തിലേക്ക് വഴിമാറിയെന്നാണ് കർഷകരുടെ ആരോപണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി മൂന്ന് എക്സിക്യൂട്ടീവ് എൻജിനീയർമാരെ ചുമതലപ്പെടുത്തിയിരുന്നു.
എന്നിട്ടും പദ്ധതി ഇഴയുന്നുവെന്നാണ് വ്യക്തമാകുന്നത്. തോട്ടപ്പള്ളി സ്പിൽവേ, ലീഡിംഗ് ചാനൽ നവീകരണം. എ.സി കനാൽ നവീകരണം എന്നീ പ്രവൃത്തികൾ ‘റൂം ഫോർ റിവർ’ പദ്ധതിയുടെ ഭാഗമായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സ്കീമിലുൾപ്പെടുത്തി നടപ്പാക്കാൻ തീരുമാനമായിട്ടുണ്ട്. ഇതനുസരിച്ച് പാടശേഖരങ്ങളുടെ പുറംബണ്ട് സംരക്ഷണവും തോടുകൾ നിന്ന് എക്കലും മണലും നീക്കം ചെയ്യുന്ന പ്രവർത്തികളും ചെയ്തു വരുന്നുവെന്നുമാണ് ഇറിഗേഷൻ വകുപ്പ് പറയുന്നത്. തോട്ടപ്പള്ളിയിൽ മണൽഖനനം മാത്രമാണ് ഊർജിതമായി നടക്കുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഇല്ലാതാക്കൽ എന്നപേരിൽ കരിമണൽ ഖനനമാണ് നടക്കുന്നതെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.