ആലപ്പുഴ: കുട്ടനാട് നേരിടുന്ന അടിയന്തരപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജില്ല കലക്ടർ ചെയർമാനായി സമിതി രൂപവത്കരിച്ചു. കുട്ടനാട്ടിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും മങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വിളിച്ച ജനപ്രതിനിധികളുടെയും കർഷക-രാഷ്ട്രീയ സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
കുട്ടനാട് നേരിടുന്ന അടിയന്തരപ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനും വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനുമായാണ് ജില്ല കലക്ടർ ചെയർമാനും ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ കൺവീനറും പ്രിൻസിപ്പൽ കൃഷി ഓഫിസർ കോഓഡിനേറ്ററുമായി സമിതി രൂപവത്കരിച്ചതെന്ന് മന്ത്രിമാർ പറഞ്ഞു. രണ്ടാം കുട്ടനാട് പാക്കേജിെൻറ കാര്യത്തിൽ കർഷകർക്കുള്ള ആശങ്ക നീക്കുന്നതടക്കം നടപടികളാണ് സമിതി നിർവഹിക്കുക.
തോമസ് കെ. തോമസ് എം.എൽ.എ, ജില്ല കലക്ടർ എ. അലക്സാണ്ടർ, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.സി. ജോസഫ്, കെ.കെ. ഷാജു, ജില്ല പഞ്ചായത്ത്അംഗം എം.വി. പ്രിയ ടീച്ചർ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. വിശ്വംഭരൻ, ഡോ. കെ.ജി. പത്മകുമാർ, കാർഷിക സർവകലാശാല റിസർച് ഡയറക്ടർ ഡോ. മധു സുബ്രഹ്മണ്യം, കുട്ടനാട് വികസന സമിതി വൈസ് ചെയർമാൻ അഡ്വ. ജോയിക്കുട്ടി ജോസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ അലിനി എ. ആൻറണി, അസി.പ്രിൻസിപ്പൽ കൃഷി ഓഫിസർ സുജ ഈപ്പൻ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി തകർക്കാത്ത പദ്ധതികൾക്ക് മുൻതൂക്കം – മന്ത്രി പി. പ്രസാദ്
സർക്കാർ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാട്ടിലെ ജനങ്ങളുടെയും കർഷകരുടെയും അഭിപ്രായം കേട്ട് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പാടശേഖരസമിതികളുടേതടക്കം പ്രാദേശികമായ അഭിപ്രായങ്ങളും അറിവും സമന്വയിപ്പിച്ച് പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കാതെ ശാസ്ത്രീയമായി നടപ്പാക്കാൻ പറ്റുന്ന പദ്ധതികൾക്ക് മുൻതൂക്കം നൽകും. കൃഷിക്കാർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുമായി യോജിച്ച് നടപ്പാക്കും – മന്ത്രി സജി ചെറിയാൻ
ഒന്നാം കുട്ടനാട് പാക്കേജിൽ ഉണ്ടായ പാളിച്ചകളൊന്നും രണ്ടാം പാക്കേജിൽ ഉണ്ടാവില്ലെന്നും കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ സമഗ്രവും സമ്പൂർണവുമായ വികസന പദ്ധതിയാണ് നടപ്പാക്കുകയെന്നും മന്ത്രി സജി ചെറിയാൻ. തോട്ടപ്പള്ളി സ്പിൽവേ ലീഡിങ് ചാനലിെൻറ ആഴം കൂട്ടൽ, പുതിയ ഷട്ടറുകൾ സ്ഥാപിക്കൽ, പൊഴിയുടെ പ്രവർത്തികൾ എന്നിവ പൂർണതയോടെ നടപ്പാക്കും. എ.സി കനാലിെൻറ നീരൊഴുക്ക് സുഗമമാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.