കുട്ടനാട്: കെട്ടുറപ്പില്ലാത്ത വീടിനുള്ളിലെ ചളിമണ്ണിലിരുന്ന് ജീവിതത്തോട് പോരാടുകയാണ് സുധാമണിയും മൂന്ന് പെൺമക്കളും. മഴവെള്ളത്തോടൊപ്പം സ്വന്തം കണ്ണീരുമായി വീടിനുള്ളിൽ ദുരിതജീവിതത്തിലാണിവർ. കഴിഞ്ഞ 23 വർഷമായി സുധാമണി ജീവിതത്തോട് പോരാടുകയാണ്.
ഏറെ പ്രതീക്ഷയോടെയാണ് 1995ൽ രാമങ്കരി വേഴാപ്ര പടിഞ്ഞാറേ കൊച്ചുപറമ്പ് വീട്ടിൽനിന്ന് സുധാമണിയെ വിവാഹം ചെയ്ത് ചെങ്ങന്നൂർക്കയച്ചത്. ഭർത്താവിെൻറ അമിത മദ്യപാനവും മർദനവുംമൂലം 2002ൽ സുധാമണിയുടെ വീട്ടുകാർ അവിടെനിന്ന് വിളിച്ചുകൊണ്ടുവന്നു. മക്കളായ അനുമോളെയും അഖിലയെയും അർച്ചനയെയും ഹോസ്റ്റൽ ജോലിനോക്കി സുധാമണി വളർത്തി.
കോവിഡ് വന്നതോടെ വരുമാനം നിലച്ചു. ബി.കോം പഠനവും പ്ലസ് ടു പഠനവും പൂർത്തിയാക്കി നിൽക്കുന്ന മക്കളുടെ ദൈനംദിന കാര്യങ്ങൾക്കുപോലും പണമില്ലാത്തതിനൊപ്പം വീടിെൻറ സ്ഥിതിയും ഈ കുടുംബത്തിന് ഉത്തരം കിട്ടാത്ത ചോദ്യമായി തലക്കുമുകളിൽ നിൽക്കുകയാണ്. താമസിക്കുന്ന സ്ഥലം സുധാമണിയുടെ മരിച്ചുപോയ പിതാവിെൻറ പേരിലാണ്. 1982ൽ ഹൗസിങ് ബോർഡിൽനിന്ന് 5000 രൂപ ലോൺ സ്കീമിൽ ആധാരം വെച്ചതാണ്.
2000 രൂപ മാത്രം തിരിച്ചടച്ചപ്പോൾ ആധാരം കൈവിട്ടുപോയി. സ്ഥലത്തിന് ആധാരമില്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽനിന്ന് വീട് കിട്ടിയില്ല. കതകില്ലാത്ത വീട്ടിൽ തണുത്ത മണ്ണിലിരുന്ന് ആസ്ത്മ രോഗിയായ സുധാമണി മൂന്ന് പെൺമക്കളെയും പ്രതീക്ഷയോടെ നോക്കുമ്പോൾ ഇവരുടെ ദുരിതങ്ങൾ കൂട്ടക്കണ്ണീരായി വീടിനുള്ളിലെ മണ്ണ് ഏറ്റുവാങ്ങുകയാണ്. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും സുധാമണി ജീവിക്കാൻ കഷ്ടപ്പെടുകയാണ്. കെട്ടുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കിൽ പ്രായമായ പെൺതരികളെ അവിടെയാക്കി ജോലിക്ക് പോയേനേ. ഒരുവിധത്തിലും ജീവിക്കാൻ കഴിയുന്നില്ലല്ലോയെന്ന് കണ്ണീരോടെ സുധാമണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.