ആലപ്പുഴ: കുട്ടനാട്ടിൽ പല വില്ലേജ് ഓഫിസുകൾക്കും നാഥനില്ല. 14 വില്ലേജ് ഓഫിസുകളിൽ ആറിടത്ത് മാത്രമാണ് ഓഫിസർമാരുള്ളത്. പലയിടത്തും പകരം ചുമതല നൽകിയെന്നാണ് താലൂക്ക് അധികൃതർ പറയുന്നത്. എന്നാൽ, പ്രവർത്തനങ്ങൾ മുടങ്ങുന്നതായി പരാതിയുണ്ട്.
വില്ലേജ് ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ കാത്തുനിന്ന് മടങ്ങേണ്ട അവസ്ഥയിലാണ്. തകഴി, മുട്ടാർ, വെളിയനാട്, തലവടി, എടത്വ, രാമങ്കരി, നെടുമുടി, കൈനകരി വടക്ക് എന്നിവിടങ്ങളിലാണ് ഓഫിസർമാരില്ലാത്തത്. കൃഷിഭവനുകളിൽ പലയിടത്തും കൃഷി ഓഫിസർ ഇല്ലാത്തതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
മേഖലയിൽ, വേനൽമഴയിലും കാറ്റിലും വീടുകളുടെ മുകളിൽ മരങ്ങൾ വീണും മറ്റും നഷ്ടം സംഭവിച്ചവർ വില്ലേജ് ഓഫിസുകൾ കയറിയിറങ്ങുകയാണ്. നീറ്റ്, കീം ഉൾപ്പെടെ പ്രവേശന പരീക്ഷകൾക്ക് സർട്ടിഫിക്കറ്റ് നൽകേണ്ട സമയവുമാണ്. നോൺ ക്രീമിലെയർ, പട്ടികജാതി സർട്ടിഫിക്കറ്റുകൾ എന്നിവക്കായി ഏറെപ്പേർ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ കരം അടച്ച രസീത് പലർക്കും വേണം. ഭൂമി സംബന്ധമായ ഇടപാടുകളിലും ഭൂമി തരംമാറ്റൽ പോലെ കാര്യങ്ങളിലും തീർപ്പുണ്ടാക്കാൻ കഴിയുന്നില്ല. അർബുദബാധിതർക്കുള്ള ആനുകൂല്യങ്ങളും മുടങ്ങി.
ഓഫിസ് പ്രവർത്തനങ്ങൾ പലതും സോഫ്റ്റ്വെയർ അധിഷ്ഠിതമായതിനാൽ പാസ്വേഡ്, വിരലടയാളം എന്നിവ വില്ലേജ് ഓഫിസർ നൽകിയാലേ കമ്പ്യൂട്ടർ ലോഗിൻ ചെയ്യാൻ കഴിയൂ. സമീപത്തെ വില്ലേജ് ഓഫിസർമാർക്ക് ചുമതല നൽകിയാലും രണ്ടിടത്ത് ഒരുപോലെ ലോഗിൻ ചെയ്യാൻ കഴിയില്ല. മാസങ്ങളായി പല വില്ലേജുകളിലും ഓഫിസർമാർ ഇല്ലാതായിട്ട്. പ്രകൃതിക്ഷോഭം മൂലം തുടർച്ചയായി ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടുകാർക്ക് പ്രധാന ആശ്രയമാണ് വില്ലേജ് ഓഫിസുകൾ.
തകഴി, ചമ്പക്കുളം, കൈനകരി, കാവാലം എന്നിവിടങ്ങളിലാണ് കൃഷി ഓഫിസർ ഇല്ലാത്തത്. തലവടി, മുട്ടാർ കൃഷി ഭവനുകളിൽ എംപ്ലോയ്മെന്റ് മുഖേന നിയമിച്ച ഓഫിസർമാരാണ് ഉള്ളത്. ഇവരുടെ കാലാവധി ഈ മാസം 20ന് അവസാനിക്കും. കൃഷി ഓഫിസറുടെയും വില്ലേജ് ഓഫിസറുടെയും സേവനം കിട്ടാതെ കൃഷി മേഖല നിലനിർത്താനാകാത്തപ്പോഴാണ് ഈ അവഗണന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.