ആലപ്പുഴ: കൊയ്ത്തും നെല്ല് സംഭരണവും പുരോഗമിക്കുന്നതിനിടെ മഴപ്പേടിയിൽ മുങ്ങി കർഷകർ. ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് വന്നതോടെ കർഷകരാകെ ആശങ്കയിലാണ്. അതേസമയം, ചൊവ്വാഴ്ച പകൽ കൊയ്ത്ത് തടസ്സപ്പെട്ടില്ല.
മഴ ശക്തിപ്പെട്ടാൽ വിളവെടുപ്പും നെല്ലെടുപ്പും താളംതെറ്റും. നാല് പാടശേഖരങ്ങളിൽ കൊയ്തെടുത്ത നെല്ല് സംഭരിക്കാനുമുണ്ട്. ഇത് മഴയിൽ നശിക്കാതെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് കർഷകർ. 19 പാടശേഖരങ്ങളാണ് ഇതുവരെ കൊയ്തത്. സംഭരണത്തിന് വേഗമില്ലെന്ന ആക്ഷേപവും കർഷകർ ഉയർത്തുന്നു.
രണ്ടാംകൃഷി വിളവെടുപ്പാണിപ്പോൾ നടക്കുന്നത്. ഇതിനകം 2000 ഹെക്ടറോളം പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായി. ജില്ലയിലാകെ 9730 ഹെക്ടറിലാണ് ഇക്കുറി കൃഷി. ഇതുവരെ പലഘട്ടങ്ങളിലായാണ് കൊയ്ത്ത് നടന്നതെങ്കിൽ നവംബർ 15വരെ ഇത് വ്യാപകമാകും. അതിനായി കർഷകർ തയാറെടുക്കുന്നതിനിടെയാണ് കാലാവസ്ഥ മാറ്റം.
കൊയ്ത്തിനൊപ്പം സംഭരണവും അതേവേഗത്തിൽ നടന്നില്ലെങ്കിൽ കർഷകർക്ക് വലിയ വെല്ലുവിളിയാകും. നിലവിൽ മൂന്ന് മില്ലുകളാണ് സംഭരണത്തിൽ പങ്കാളികൾ. ഇതിനകം 2706.488 മെട്രിക് ടൺ നെല്ല് സംഭരിച്ചു. 16 പാടശേഖരങ്ങളിൽ ഒരേസമയം കൊയ്ത്തിനൊപ്പം നെല്ലെടുപ്പും നടക്കുന്നുണ്ട്. ചമ്പക്കുളം മുന്നൂറ്റിൻപാടം, നെടുമുടി പുതിയോട്ടുവരമ്പിനകം, അമ്പലപ്പുഴ കാട്ടുകോണം, വട്ടപ്പായിത്തറക്കടവ് പാടശേഖരങ്ങളിൽ ഇതുവരെ സംഭരിച്ചിട്ടില്ല. പാടശേഖരങ്ങളിൽ വെള്ളംകെട്ടിനിന്നാൽ യന്ത്രക്കൊയ്ത്തും തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.