കുട്ടനാട്: ആരും നോക്കിപ്പോകുന്ന മനോഹരിയായ ഒരു മത്സ്യകന്യക. കടലോര മിത്തുകളിലോ വായ്മൊഴികളിലൂടെയോ പകർന്നുകിട്ടിയത് ശിൽപി പകർന്നിട്ടപ്പോൾ ഇത്ര ലക്ഷണമൊത്തൊരു മത്സ്യകന്യക േവറെയുണ്ടോയെന്ന് സന്ദേഹിച്ചു പോകുന്നത്ര വശ്യത. ആലപ്പുഴയുടെ അടയാളമായി മാറേണ്ടിയിരുന്ന മത്സ്യകന്യക ഇവിടെ എത്തിയതിന് പിന്നിലും കടലും കായലും പുഴയും തന്നെയെന്ന് വായിച്ചെടുക്കാം. കടലേറ്റത്തിൽ പട്ടണം കാണാൻ വന്ന മത്സ്യകന്യക പട്ടണവും പച്ചപ്പും കണ്ട് കുട്ടനാട്ടിലേക്ക് ചെന്നത്രേ. കടലിെൻറ മകളായ കായലിലേക്കും കൊച്ചുമക്കളായ പുഴകളിലേക്കും കടന്നുചെന്ന് സമയമേറെ ചെലവഴിച്ചു. കാലം മാറിയപ്പോൾ അവൾ കടലിലേക്കുതന്നെ തിരികെപ്പോരാൻ കൊതിച്ചു. നീരൊഴുക്ക് നിന്നുപോയ കനാലിലൂടെ വരാൻ മത്സ്യകന്യകക്ക് കഴിയുമായിരുന്നില്ല. പാലവും ഓരുമുട്ടുകളും ഗതാഗതത്തിന് തടസ്സമായി. കടലിൽ ചേരാൻ കൊതിച്ചവൾ മുക്തിതേടി കനാൽകരയിൽ 'ധ്യാന നിദ്ര' പൂണ്ടു. അങ്ങനെ കനാൽ കരയിൽ വിശ്രമിക്കുന്ന മത്സ്യകന്യകയായിരുന്നു ശിൽപിയുടെ മനസ്സിൽ.
തിരുവനന്തപുരം സ്വദേശിയായ ശിൽപി വിജയകുമാർ ജി. കുമാരപുരത്തെക്കൊണ്ട് 1996ലാണ് ടൂറിസം വകുപ്പ് ജില്ല കോടതിപ്പാലത്തിന് സമീപം കമേഴ്സ്യൽ കനാൽ തീരത്ത് ശിൽപം പണികഴിപ്പിച്ചത്. അങ്ങനെ ആലപ്പുഴക്ക് അഴകായ ആ മത്സ്യകന്യക ഇപ്പോൾ കാണാമറയത്താണ്. 50 ലക്ഷം രൂപ മുടക്കി കോൺക്രീറ്റിൽ കനാൽ കരയിൽ 100 കൊല്ലം ഗാരൻറിയോടെയാണ് ശിൽപം പണികഴിപ്പിച്ചത്. ഇപ്പോൾ ഈ ശിൽപം ഒരു നോട്ടവും കിട്ടാത്തിടത്താണുള്ളത്. കടകളും സൈൻ ബോർഡുകളും രാഷ്ട്രീയ കക്ഷികളുടെ സ്മാരകങ്ങളും ഷെഡും ചെറിയ കടകളുടെ കൈയേറ്റവും മറ്റുമാണ് ശിൽപത്തെ മറച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു ശിൽപം ഇപ്പോൾ പണിയണമെങ്കിൽ തുക കോടിക്കടുത്താകും.
ആലപ്പുഴയുടെ അടയാളമായി തലയെടുപ്പോടെ നിൽക്കുന്ന മത്സ്യകന്യക കാൽ നൂറ്റാണ്ടിനിപ്പിറവും പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും തലകുനിച്ചില്ല. ശിൽപം മാറ്റി സ്ഥാപിക്കാൻ കഴിയുമെന്നാണ് വിദഗ്ധ അഭിപ്രായം. മത്സ്യകന്യകയെ കാണാൻ പറ്റുന്നിടത്തേക്ക് മാറ്റണമെന്ന് ആലപ്പുഴയെ സ്നേഹിക്കുന്നവർക്ക് ഒരേ സ്വരം. ബീച്ചിൽ പടക്കപ്പലിന് സമീപം മത്സ്യകന്യകക്ക് ഇടം നൽകണമെന്നാണ് ഇവർ പറയുന്നത് നഗരവത്കരണത്തിെൻറ ഭാഗമായി ഇപ്പോൾ പ്രതിമ നിൽക്കുന്ന സ്ഥലത്ത് റോഡോ പാലമോ വന്നേക്കാം. തച്ചുടക്കാതെ ശിൽപത്തെ ഇവിടെനിന്ന് മാറ്റണമെന്നാണ് കലാകാരന്മാരടക്കം മുന്നോട്ടുവെക്കുന്ന അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.