മണ്ണഞ്ചേരി: കുട്ടികളുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി കനോയിങിനും കയാക്കിങിനുമായി 20 ബോട്ടുകൾ എത്തി. രാജസ്ഥാനിൽ നിന്നാണ് 20 ഫൈബർ ബോട്ടുകൾ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ എത്തിച്ചത്. ജില്ല പഞ്ചായത്തിന്റെയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രോജക്ടാണിത്. ഒരു വർഷമായി കലവൂർ, മണ്ണഞ്ചേരി, പൊള്ളേത്തൈ ഗവ.സ്കൂളുകളിലെ 70ഓളം വിദ്യാർഥികൾ പരിശീലനത്തിലാണ്. കനോയിങ്, കയാക്കിങ് ജില്ല അസോസിയേഷന്റെ സഹായത്തോടെയാണ് ഇവർക്ക് വ്യായാമങ്ങളും നീന്തൽ പരിശീലനവും ആദ്യഘട്ടത്തിൽ നൽകിയത്. തുടർന്ന് കായലിൽ തുഴച്ചിൽ പരിശീലനത്തിനായാണ് ബോട്ടുകൾ എത്തിച്ചത്.
ജില്ല പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരാൾക്ക്, രണ്ട് പേർക്ക്, മൂന്നു പേർക്ക്, നാല് പേർക്ക് എന്നിങ്ങനെ ഒരേ സമയം തുഴച്ചിൽ നടത്താവുന്ന തരത്തിലുള്ള വ്യത്യസ്ത വലുപ്പത്തിലുള്ള ബോട്ടുകളാണിവ. രാജസ്ഥാനിൽ നിന്ന് ട്രെയിലർ ലോറികളിലാണ് ഇവ എത്തിച്ചത്. മണ്ണഞ്ചേരി ഗവ.സ്കൂളിൽ സൂക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബോട്ടുകൾ കൂടി എത്തിയതോടെ കൂടുതൽ കുട്ടികൾ തുഴച്ചിൽ പരിശീലനത്തിന് എത്തുമെന്നാണ് പ്രതീക്ഷയെന്നും ഏതു സ്കൂൾ കുട്ടികളെയും പങ്കെടുപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് പറഞ്ഞു. നിലവിൽ പരിശീലനം നേടിയവരിൽ അഞ്ച് പേർ രാജ്യാന്തര മൽസരത്തിൽ മെഡൽ നേടിയിരുന്നു. മറ്റ് മൂന്ന് പേർ സായി പരിശീലന കേന്ദ്രത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
എ.എസ് കനാലിലും വേമ്പനാട് കായലിലുമായാണ് തുഴച്ചിൽ പരിശീലനം നടത്തുക. ഇതിന് രണ്ട് പരിശീലകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡിലെ വേമ്പനാട് കായൽ തീരത്ത് 15ന് പുതിയ ബോട്ടുകളിൽ തുഴച്ചിൽ പരിശീലനം ആരംഭിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, അംഗം ആർ.റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം. കെ.സുജാതകുമാരി, പി.ടി.എ പ്രസിഡന്റ് സി.എച്ച് റഷീദ് എന്നിവർ ചേർന്ന് ബോട്ടുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.