മണ്ണഞ്ചേരി: നെട്ടു ഉസ്താദിന്‍റെ വേർപാടിൽ ഒരു തലമുറക്ക് നഷ്ടമായത് മതവും സംസ്കാരവും പഠിപ്പിച്ച ഗുരുവര്യനെ. നെട്ടു ഉസ്താദ് എന്നറിയപ്പെട്ടിരുന്ന മണ്ണഞ്ചേരി ആറാം വാർഡ് കൂട്ടുങ്കൽ പി.എം.അഹ്‌മദ് കുട്ടി ഉസ്താദ് (78) ആണ് തിങ്കളാഴ്ച മരണപ്പെട്ടത്.
അര പതിറ്റാണ്ടിന് മേലായി മണ്ണഞ്ചേരി കുപ്പേഴം ദാറുസ്സലാം മദ്റസ പ്രധാന അധ്യാപകനായും മസ്ജിദ് ഇമാമായും സേവനം ചെയ്ത് വരികയായിരുന്നു. മണ്ണഞ്ചേരി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സ്ഥാപക നേതാവുമായിരുന്നു. മാസങ്ങൾക്ക് മുമ്പ് രോഗ ശയ്യയിലാവുകയും തിങ്കളാഴ്ച്ച ഉച്ചക്ക് മരിക്കുകയുമായിരുന്നു.
നിരവധി ശിഷ്യൻമാരടക്കം നൂറു കണക്കിന് പേർ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. ജോലി ചെയ്തിരുന്ന കുപ്പേഴം മദ്റസയിൽ പൊതു ദർശനത്തിന് വെച്ച ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ വൈകുന്നേരം ഖബറടക്കി.
നെട്ടു ഉസ്താദിന്‍റെ വേർപാടിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റ് സി.എ സക്കീർ ഹുസൈൻ അൽ അസ്ഹരി,ജനറൽ സെക്രട്ടറി ടി.എച്ച് ജഅ്ഫർ മൗലവി,മദ്റസാ മാനേജ്മെന്‍റ് അസോസിയേഷൻ റെയ്ഞ്ച് പ്രസിഡന്‍റ് എം.മുജീബ് റഹ്‌മാൻ,ജനറൽ സെക്രട്ടറി ടി.എ അലിക്കുഞ്ഞ് ആശാൻ കേരള മുസ്ലിം ജമാഅത്ത് മാരാരിക്കുളം സോൺ പ്രസിഡന്‍റ് എസ്.മുഹമ്മദ് കോയ തങ്ങൾ, സെക്രട്ടറി സി. എം അബ്ദുള്ള മുസ്‌ലിയാർ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.