മണ്ണഞ്ചേരി: കഷ്ടപ്പാടും ദൈന്യതയും ജീവിതത്തെ അലട്ടുന്നുണ്ടെങ്കിലും എല്ലാവർക്കും വാക്സിൻ ലഭ്യമാകണം, എന്നിട്ട് സ്കൂളിൽ പോകണം.
ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മിയുടെ മനസ്സിൽ തോന്നിയചിന്തയിൽ ജന്മദിനാഘോഷം മാറ്റിവെച്ചു. ഒരു വർഷത്തിലധികമായി ശേഖരിച്ചുവെച്ച കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിൽ കൊടുത്ത് മാതൃകയായി. ഇതറിഞ്ഞ മണ്ണഞ്ചേരി പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ വിളിച്ചുവരുത്തി കേക്ക് മുറിച്ച് ജന്മദിനം ആഘോഷമാക്കി. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് കെട്ടിട നിർമാണ തൊഴിലാളി ചേന്നനാട്ട് വെളിയിൽ ഷാജിയുടെയും യമുനയുടെയും മകൾ ശ്രീലക്ഷ്മി സി. ഷാജിയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പണം നൽകിയത്.
കണിച്ചുകുളങ്ങര എസ്. എൻ ട്രസ്റ്റ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആഗ്രഹം അറിഞ്ഞ മണ്ണഞ്ചേരി പൊലീസ് സ്വന്തം ചെലവിൽ കേക്ക് മുറിച്ച് ജന്മദിനാഘോഷം ഗംഭീരമാക്കി. ജില്ല പഞ്ചായത്ത് അംഗം അഡ്വ.ആർ. റിയാസ് തുക ഏറ്റുവാങ്ങി. കുട്ടിക്ക് സമ്മാനമായി പുതുവസ്ത്രവും നൽകി.
സ്വന്തമായി അടച്ചുറപ്പുള്ള വീടും സമ്പത്തും ഇല്ലാത്ത വിദ്യാർഥിനിയുടെ മാതൃകയാണ് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത്. ആലപ്പുഴ ഡി.വൈ.എസ്.പി ഡി.കെ. പൃഥ്വിരാജ്, മണ്ണഞ്ചേരി സി.ഐ. രവി സന്തോഷ്, എസ്. ഐമാരായ അനിയപ്പൻ, ജയകുമാർ, എസ്.ഐ ട്രെയിനി റോജോ മോൻ, സി.പി.ഒ പി.എസ്. സുധീഷ്, എം. അഭിലാഷ്, മോനേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.