മണ്ണഞ്ചേരി: എക്സൽ ഗ്ലാസിൽ അനധികൃത മണൽകടത്തിൽ റവന്യൂമന്ത്രിക്ക് പരാതി നൽകി. വൻതോതിൽ മണലൂറ്റുന്നതായുള്ള പരാതിയിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനുശേഷവും മണൽ കടത്ത് തുടരുന്നതായി ചൂണ്ടിക്കാട്ടി മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടി.പി. ഷാജിയാണ് മന്ത്രിക്ക് പരാതി നൽകിയത്.
പൊളിക്കാൻ കരാർ എടുത്തവരാണ് കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന തരത്തിൽ വൻ തോതിൽ വലിയ ടിപ്പറുകളിൽ മണൽ കടത്തുന്നത്. ലേലത്തിൽ തമിഴ്നാട് സ്വദേശിയാണ് എക്സൽ ഗ്ലാസിലെ കെട്ടിടങ്ങൾ പൊളിച്ചുകൊണ്ടുപോകാൻ അനുമതി സ്വന്തമാക്കിയത്.
റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കാൻ എത്തിയപ്പോൾ ചൂണ്ടിക്കാട്ടിയ പരാതിയിലെ പ്രധാനകാരണമായ വലിയകുഴികൾ ഉണ്ടാക്കി മണൽ എടുത്ത ശേഷം കെട്ടിടാവശിഷ്ടങ്ങൾ ഇട്ട് മൂടിയത് പരിശോധിക്കാനായില്ല. ഫാക്ടറിക്കുള്ളിലെ കരാറുകാരൻ കൊണ്ടുവന്ന മണ്ണുമാന്തി തകരാറിലാണെന്ന് അറിയിച്ചതിനാലാണ് പരിശോധന നടത്താൻ കഴിയാതെ വന്നത്.
പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ ഇടങ്ങളിൽ നടത്തേണ്ട കുഴിയെടുത്തുള്ള പരിശോധന അടുത്തദിവസം നടക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പരിശോധന നടത്തി തെളിവെടുപ്പ് പൂർത്തിയാക്കാത്തതിൽ ദുരൂഹതയുണ്ട്. തുടർന്നാണ് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ സാന്നിധ്യത്തിൽ മന്ത്രിക്ക് നിവേദനം നൽകിയത്. പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് ആർ.ഡി.ഒക്ക് വില്ലേജ് ഓഫിസർ നൽകി. എക്സലിലെ മണലൂറ്റൽ വിഷയം വില്ലേജ് ഓഫിസർ ജോസഫ് സണ്ണി മണ്ണഞ്ചേരി പൊലീസിനെ രേഖാമൂലം അറിയിച്ചതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.