മണ്ണഞ്ചേരി: സ്പിരിറ്റ് നിറച്ച ടാങ്കർ ലോറി നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു. ഡ്രൈവറും എക്സൈസ് ഉദ്യോഗസ്ഥനും പരിക്കുകളോടെ രക്ഷപ്പെട്ടു. സിവിൽ എക്സൈസ് ഓഫിസർ പാലക്കാട് പുതുക്കോട് മുത്തയംകോഡ് വീട്ടിൽ എം. ശ്രീജിഷ് (28), ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി അമിത്കുമാർ (39) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ കലവൂർ കൃപാസനത്തിന് സമീപം ശനിയാഴ്ച രാവിലെ 10.30നായിരുന്നു അപകടം. ഉത്തർപ്രദേശിൽനിന്ന് തിരുവല്ലയിലെ സർക്കാർ സ്ഥാപനമായ ട്രാൻവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുപോയ 30,000 ലിറ്റർ സ്പിരിറ്റുമായെത്തിയ ലോറിയാണ് മറിഞ്ഞത്. ലോറിയിൽനിന്ന് സ്പിരിറ്റ് ചോരുകയും ചെയ്തു.
ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന സേന യൂനിറ്റുകൾ എത്തി ചോർച്ചയുള്ള ഭാഗത്തേക്ക് നിർത്താതെ വെള്ളം ചീറ്റിച്ചാണ് അപകടസാധ്യത ഒഴിവാക്കിയത്. പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. അപകടസ്ഥലത്തിന് ഏതാനും മീറ്ററുകൾ അകലെ പെട്രോൾ പമ്പ് ഉണ്ടായിരുന്നതിനാൽ അതീവ ജാഗത്രയോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ലോറിക്ക് സമീപത്തേക്ക് നാട്ടുകാർ വരുന്നത് പൊലീസ് തടഞ്ഞു. സ്പിരിറ്റ് ചോർന്ന് പ്രദേശമാകെ മണം പടർന്നത് നാട്ടുകാരെയും ആശങ്കയിലാക്കി. രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്. ഇതിനായി ഉച്ചക്ക്ഒരുമണിക്കൂർ ദേശീയപാതവഴിയുള്ള ഗതാഗതം തടഞ്ഞ് വാഹനങ്ങൾ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.