മണ്ണഞ്ചേരി: കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടി. കുറുപ്പൻകുളങ്ങര തയ്യിൽ സജിത് (26), മുട്ടത്തിപറമ്പ് കണ്ടത്തിൽതറ ശരൺകുമാർ (31), ചേർത്തല ചിറ്റേഴത്ത് സൂര്യ (29) എന്നിവരാണ് പിടിയിലായത്.
മൂവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ റോഡ്മുക്ക് ഭാഗത്ത് നിന്നാണ് പൊലീസ് സംഘത്തെ പിടികൂടിയത്. മണ്ണഞ്ചേരി പ്രദേശത്തെ സംഘർഷാവസ്ഥയെ തുടർന്ന് രാത്രി റോഡുകളിൽ പൊലീസ് ശക്തമായ പട്രോളിങ് ഏർപ്പെടുത്തി. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ. എസ്.ഐ കെ.ആർ. ബിജുവിന്‍റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവേ, കാർ നിർത്തിയ ശേഷം പെട്ടെന്ന് ഒരാൾ ഇറങ്ങി ഓടുകയായിരുന്നു.
പൊലീസെത്തി കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊടുവാൾ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചേർത്തല സ്വദേശിയാണ് ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരും ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ഇവർ വാടക്കെടുത്ത കാറിൽ ആലപ്പുഴയിൽ പോയി മടങ്ങുകയായിരുന്നുവെന്നാണ് വിവരം. സി.ഐ പി.കെ. മോഹിത്, ഉദ്യോഗസ്ഥരായ അശോകൻ, മിഥുൻദാസ്, രഞ്ജിത്, അർഷാദ്, നെഫിൻ, അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.