മണ്ണഞ്ചേരി: ഗ്രാമങ്ങളുടെ രാജ്ഞിയും നഗരങ്ങളുടെ കൊച്ചനുജത്തിയുമാണ് മണ്ണഞ്ചേരി. കിഴക്ക് വേമ്പനാട്ട് കായലും പടിഞ്ഞാറ് ദേശീയപാതയും അതിരിടുന്ന മണ്ണഞ്ചേരി എന്ന സ്ഥലനാമത്തിനുപിന്നിൽ രണ്ടു കഥകൾ ഉള്ളതായി പഴമക്കാർ പറയുന്നു.
മണ്ണും ചേറും നിറഞ്ഞ പ്രദേശമായതിനാലാണ് മണ്ണഞ്ചേരി എന്ന പേര് കിട്ടിയതെന്നും മന്നന്മാർ (രാജാക്കന്മാർ) ചേക്കേറിയതിനാൽ മന്നൻചേരി മണ്ണഞ്ചേരി ആയെന്നും പറയപ്പെടുന്നു. തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കിയും കക്ക നീറ്റി കുമ്മായമാക്കിയും കയർ-കാർഷിക മേഖലയിൽ പണിയെടുത്തുമായിരുന്നു പഴമക്കാരുടെ ഉപജീവനം. വാണിജ്യ സിരാകേന്ദ്രമായി മണ്ണഞ്ചേരി വള്ളക്കടവും അങ്ങാടിയും അക്കാലത്ത് അറിയപ്പെട്ടിരുന്നു. മണ്ണഞ്ചേരി, പൊന്നാട് ഭാഗങ്ങളിൽ പതിറ്റാണ്ടുകൾ പ്രവർത്തിച്ച കൊപ്രക്കളങ്ങൾ ഇപ്പോഴില്ല. കിഴക്ക് അങ്ങാടി സ്ഥലത്തായിരുന്നു ആദ്യത്തെ കമ്പോളം. അങ്ങാടി സ്ഥലം എന്ന പേരിൽ ഇവിടെ വീടുണ്ട്.
ചരിത്രമുറങ്ങുന്ന മാടത്തുംകര ശിവക്ഷേത്രവും മണ്ണഞ്ചേരി തൃക്കോവിൽ ക്ഷേത്രവും എ.ഡി 1500നും 1600നും ഇടക്ക് സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്ന ആര്യാട് ജുമാമസ്ജിദും ഇവിടെയാണ്. ഈ ദേവാലയം പൗരാണിക വാസ്തുശിൽപകലയുടെ പ്രതീകമാണ്. ഇത്രയും പഴക്കം അവകാശപ്പെടാൻ കഴിയുന്ന ഒരു മസ്ജിദും അയൽ പ്രദേശങ്ങളിലില്ല. മാടത്തുംകര ക്ഷേത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. മുറജപത്തിനായി അനന്തപുരിയിലേക്ക് യാത്ര ചെയ്തിരുന്നവരുടെ വിശ്രമ കേന്ദ്രമായിരുന്നു ഇവിടെയെന്നത് പഴമക്കാർ അവകാശപ്പെടുന്നു. 10ാം വാർഡിലെ വലിയകലവൂർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രവും കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ക്ഷേത്രങ്ങളിൽ ഒന്നായിട്ടാണ് പറയുന്നത്. കണക്കൂർ ക്ഷേത്രം, കാവുങ്കൽ പൂഞ്ഞിലിക്കാവിൽ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളും പൗരാണിക പ്രാധാന്യം വിളിച്ചോതുന്നു. കിഴക്കേ മഹല്ല് ജുമാമസ്ജിദ്, പടിഞ്ഞാറെ മഹല്ല് ജുമാമസ്ജിദ്, പൊന്നാട് ജുമാമസ്ജിദ് ഇവയും പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ദേവാലയങ്ങളാണ്. മണ്ണഞ്ചേരി -അങ്ങാടി എന്നീ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന തോടിനെ 'അങ്ങാടി തോട്' എന്നാണ് വിളിക്കുന്നത്. അങ്ങാടി തോടും അങ്ങാടി സ്ഥലവും മണ്ണഞ്ചേരിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. സർക്കാർ അധീനതയിലായിരുന്ന ഈ തോട്ടിലൂടെ വള്ളങ്ങളിൽ വരുന്ന ചരക്കുകൾക്ക് ചുങ്കം ഏർപ്പെടുത്തിയിരുന്നതായും ആ സ്ഥലത്തിന് ഇപ്പോഴും ചുങ്കത്തിൽ എന്ന പേരും ഉണ്ട്. ഇവിടെയുള്ള കിഴക്കേ ജുമാമസ്ജിദിൽ നടത്തിവരുന്ന ആധ്യാത്മിക വിദ്യാലയത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധിപേർ പഠനം പൂർത്തിയാക്കി പോകാറുണ്ട്. ക്രിസ്തീയ ദേവാലയങ്ങളുടെ കാര്യത്തിലും ഈ പ്രദേശം പിന്നിലല്ല. കലവൂർ ചെറുപുഷ്പം ദേവാലയം, മണ്ണഞ്ചേരി നിത്യ സഹായ മാതാവ് ദേവാലയം, വലിയ കലവൂർ ലൂർദ് മാതാ ദേവാലയം തുടങ്ങിയവയുണ്ട്. ഇന്ത്യൻ ദേശീയ സമരത്തിലും പുന്നപ്ര-വയലാർ സമരത്തിലും നിരവധി സമരനായകന്മാരെ മണ്ണഞ്ചേരി സംഭാവന ചെയ്തിട്ടുണ്ട്.
1953ൽ 11 വാർഡുകളുമായി രൂപവത്കരിച്ച മണ്ണഞ്ചേരി പഞ്ചായത്തിൽ നിലവിൽ 23 വാർഡുകളുണ്ട്. തോട്ടുങ്കൽ കെ.പി. അച്യുതൻപിള്ളയുടെ നേതൃത്വത്തിലായിരുന്നു ആദ്യ ഭരണസമിതി. പുരാതന കുടുംബമായിരുന്ന കരിങ്ങാട്ടം പള്ളിക്കാർ സംഭാവന ചെയ്തതാണ് ഇന്നത്തെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ നിൽക്കുന്ന ഒരു ഏക്കർ 31സെൻറ് സ്ഥലം. കേവലം അരകിലോമീറ്റർ ചുറ്റളവിൽ എല്ലാ സർക്കാർ സംവിധാനങ്ങളും സ്ഥാപനങ്ങളും മണ്ണഞ്ചേരിയുടെ സ്വന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.