മണ്ണഞ്ചേരി: വലിയ കലവൂരിൽ ഇരുചക്ര വാഹന യാത്രികയെ അക്രമിച്ച് സ്വർണം കവർന്ന സംഘം ആദ്യം ലക്ഷ്യമിട്ടത് പഞ്ചായത്ത് അംഗത്തെ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് അംഗവും സ്ഥിരംസമിതി അധ്യക്ഷയുമായ എൻ. എസ്. ശാരിമോളെയാണ് ബൈക്കിലെത്തിയ കവർച്ച സംഘം ആദ്യം പിന്തുടർന്നത്. ഞായറാഴ്ച വൈകീട്ട് 5.15ന് പാതിരപ്പള്ളി വടക്കേ ജങ്ഷനിൽ റോഡ് മുറിച്ച് കടക്കാൻ നിന്ന സമയത്താണ് ശാരി മോളെ ബൈക്കിലെത്തിയവർ കണ്ടത്. തുടർന്ന് ഇവർ ശാരിയുടെ സ്കൂട്ടർ മുന്നിലേക്ക് നീക്കാൻ ബൈക്ക് ഒതുക്കി നൽകി. ആദ്യം റോഡ് മുറിച്ചു കടന്ന ഇവരുടെ പിന്നാലെ ബൈക്ക് യാത്രികരായ യുവാക്കൾ പിന്തുടർന്നു. പാതിരപ്പള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ ദേശീയ പാതയിലൂടെ സഞ്ചരിച്ച വനിത പഞ്ചായത്ത് അംഗം കെ.എസ്.ഡി.പി ജങ്ഷനിൽ എത്തി പടിഞ്ഞാറോട്ട് തിരിഞ്ഞ് സമീപത്തെ വായനശാലയുടെ ജങ്ഷനിൽ എത്തിയപ്പോൾ ബൈക്ക് ഇവരുടെ സമീപത്ത് നിർത്തി. ഈ സമയം അധികം ദൂരത്തല്ലാതെ മൂന്ന് യുവതികൾ ജങ്ഷൻ ലക്ഷ്യമാക്കി നടന്നിരുന്നു. ഇവർ വന്നതു കൊണ്ടാകാം ശാരിമോളുടെ മാല അപഹരിക്കാതെ വടക്ക് ഭാഗത്തേക്കുള്ള വഴി ചോദിച്ച് സംഘം പോയത്.
ദേശീയപാതയിൽ നിന്ന് കുറച്ച് ദൂരം മാത്രം ഉള്ളിലേക്ക് കടന്ന ബൈക്ക് യാത്രികർ ദേശീയ പാതയിലേക്ക് എത്താനുള്ള വഴിയാണ് പഞ്ചായത്ത് അംഗത്തോടെ ചോദിച്ചത്. തനിക്ക് അപ്പോൾ സംശയം തോന്നിയതായും ശാരി മോൾ പറഞ്ഞു. ഇവിടെ നിന്ന് വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ച് വളവനാട് കോൾഗേറ്റ് ജങ്ഷനിലെത്തിയ ഈ സംഘം തന്നെയാണ് മണ്ണഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡ് റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത (39) യുടെ താലിമാല കവർന്നത്. വൈകുന്നേരം 6.30നായിരുന്നു കവർച്ച. ആക്രമണത്തിനിടെ സ്കൂട്ടറിന്റെ നീയന്ത്രണം തെറ്റി താഴെ വീണ പ്രസീതയുടെ വാരിയെല്ലുകളും കൈയും ഒടിഞ്ഞിരുന്നു.
പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തലിൽ മണ്ണഞ്ചേരി പൊലിസ് കാറ്റാടി ജങ്ഷൻ ഭാഗത്തെ സി.സി.ടി.വികൾ പരിശോധിച്ചു. കഴിഞ്ഞദിവസം പാലക്കാടും സമാന രീതിയിൽ ഇവർ മോഷണം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിടുണ്ട്.
പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ തന്നെയാണ് ഇവിടെയും മോഷണം നടത്തിയതെന്നും അന്ന് ഉപയോഗിച്ച് ബൈക്കും ഹെൽമറ്റുകളും വസ്ത്രങ്ങളുമാണ് ഇപ്പോൾ ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിലുമുള്ളതെന്നും പൊലീസ് പറഞ്ഞു.
പാലക്കാട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നാലെ ബൈക്കിലെത്തിയ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബൈക്കിന്റേത് വ്യാജ നമ്പർ പ്ലേറ്റാണ്. ഇതു തന്നെയാണ് പാലക്കാട് ഉപയോഗിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.