മാവേലിക്കര: പമ്പയാറ്റിൽ മുങ്ങിമരിച്ചവർക്ക് കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. ദുഃഖം തളം കെട്ടിനിന്ന അന്തരീക്ഷത്തില്‍ സഹോദരങ്ങള്‍ക്കും സുഹൃത്തിനും കണ്ണമംഗലം സെന്റ് ആന്‍ഡ്രൂസ് മര്‍ത്തോമാ ചര്‍ച്ചില്‍ നിത്യനിദ്ര.
ചെട്ടികുളങ്ങര പേള മൂന്നുപറയില്‍ മെറിന് വില്ലയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ അനിയന്‍കുഞ്ഞ്-ലിജോമോള്‍ ദമ്പതികളുടെ മക്കളായ മെറിന് (18), സഹോദരൻ മെഫിന്‍ (15), കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് പുത്തന്‍വീട്ടില്‍ കണ്ണമംഗലം സെന്റ് ആന്‍ഡ്രൂസ് മര്‍ത്തോമാ ചര്‍ച്ച് ശുശ്രൂഷകന് രാജു-ലൗലി ദമ്പതികളുടെ മകന് എബിന് മാത്യു (സോനു-24) എന്നിവരുടെ അന്ത്യ ശുശ്രൂഷയാണ് ഒരേ ദേവാലയത്തില്‍ നടന്നത്. സമീപങ്ങളിലായുള്ള കല്ലറകളില്‍ മൂവരുടെയും മൃതശരീരം അടക്കം ചെയ്തു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാരശുശ്രൂഷ നടന്നത്.
മൂവരുടെയും മൃതദേഹം തിങ്കളാഴ്ച രാവിലെ അവര്‍ പഠിച്ച മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോൾ പ്രിയപ്പെട്ടവരെ അവസാനമായി കാണാനെത്തിയ സുഹൃത്തുക്കളുടെയും അധ്യാപകരുടെയും തേങ്ങലുകൾ പൊട്ടിക്കരച്ചിലായി മാറി. സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മെഫിന്റെ ചങ്ങാതിമാർ കരച്ചിലടക്കാന്‍ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. തുടര്‍ന്ന് വീടുകളില്‍ മൃതദേഹം എത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അലമുറയിട്ടപ്പോള്‍ അവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയാതായി. രണ്ടു മക്കളും നഷ്ടമായ അനിയന്‍കുഞ്ഞിനെയും ലിജോമോളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടുകയായിരുന്നു നാട്ടുകാർ.
എബിന് മാത്യുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും വിലാപങ്ങള്‍ ഉയര്‍ന്നു. പള്ളിയിലെത്തിച്ച മൃതദേഹത്തില്‍ എ.എം. ആരിഫ് എം.പിയും ത്രിതല ജനപ്രതിനിധികളുമുള്‍പ്പെടെ അന്ത്യോപചാരമര്‍പ്പിച്ചു. മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാൻ പോയ യുവാക്കള്‍ പത്തനംതിട്ട കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പരപ്പുഴക്കടവിലാണ് മുങ്ങിമരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.