മാവേലിക്കര: വാക്തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽകഴിഞ്ഞ പ്രതി അറസ്റ്റിൽ. തെക്കേക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെ (36) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമ്പർനാട് വിഷ്ണുഭവനത്തിൽ വിനോദിനെയാണ് (50) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോനകം ഭാഗത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിലെ ശൗചാലയത്തിൽനിന്നാണ് ഇയാൾ പിടിയിലായത്.
ആളില്ലാത്ത വീട്ടിൽ വിനോദിനെ കണ്ട പരിസരവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് വിനോദിനെ പിടികൂടിയത്. വിനോദിന്റെ ശരീരത്തിൽ പരിക്കുള്ളതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
മുള്ളിക്കുളങ്ങര വില്ലേജ് ഓഫിസ് ജങ്ഷനുവടക്ക് കനാൽ പാലത്തിനുതാഴെ അശ്വതി ജങ്ഷനിലെ അൻപൊലിക്കളത്തിനു സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. വിനോദിന്റെ വീടിനു സമീപം താമസിക്കുന്ന ബന്ധുവിനെ കാണാനെത്തിയ സജേഷ്, ബൈക്ക് വിനോദിന്റെ വീടിനടുത്തുള്ള റോഡിൽ വെച്ചു. രാത്രി ബൈക്കെടുത്ത് വീട്ടിലേക്കു പോകാനെത്തിയപ്പോൾ സജേഷും വിനോദും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് വിനോദ് കത്തിയെടുത്തു കുത്തുകയായിരുന്നു. ഇടതു കൈയുടെ പേശിയിൽ കുത്തേറ്റ സജേഷ് നിലവിളിച്ചുകൊണ്ട് അടുത്തുള്ള കനാൽപ്പാലത്തിനു സമീപത്തേക്കോടി. ബഹളം കേട്ടെത്തിയവർ വിനോദിനെ തടഞ്ഞ് കത്തി പിടിച്ചുവാങ്ങി. റോഡിലെ രക്തത്തുള്ളികൾ പിന്തുടർന്നു പോയപ്പോഴാണു രക്തംവാർന്ന് കനാൽ പാലത്തിനുസമീപം കുഴഞ്ഞുവീണ നിലയിൽ സജേഷിനെ കണ്ടത്.
സജേഷിനെ ആദ്യം മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സംഭവത്തിനുശേഷം വിനോദ് ഒളിവിൽ പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.