മാവേലിക്കര: യുവാവിനെ ആക്രമിച്ച് സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പെരിങ്ങാല കൊയ്പള്ളി കാരായ്മ പ്ലാക്കോട്ട് തൈക്കതിൽ ശിൽപാലയത്തിൽ ശ്യാം രാജ് (29), പെരിങ്ങാല കൊയ്പള്ളി കാരായ്മ പ്ലാക്കോട്ട് സുധീഷ് ഭവനത്തിൽ സുധീഷ് (30), പെരിങ്ങാല കൊയ്പള്ളി കാരായ്മ മുതലശ്ശേരി കിഴക്കതിൽ അജി മോഹൻ (31) എന്നിവരെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21ന് രാത്രി 10.30ന് മോട്ടോർ സൈക്കിളിലും സ്കൂട്ടറിലുമായി എത്തിയ അഞ്ച് പേരടങ്ങുന്ന സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന തെക്കേക്കര പൊന്നേഴ മുറിയിൽ കുന്നിൽവീട്ടിൽ സച്ചിൻ സജീവിനെ (21) തടഞ്ഞു നിർത്തിയശേഷം ഗുരുതരമായി മർദിച്ച് മൊബൈൽ ഫോണും കഴുത്തിൽ കിടന്ന ഒന്നര പവനോളം വരുന്ന സ്വർണ മാലയും കവർന്ന് കടന്നുകളയുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൊയ്പള്ളി കാരായ്മ ഭാഗത്ത് വെച്ച് കുറത്തികാട് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ എ.എസ്.ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൺ, ഷാജിമോൻ, സിവിൽ പൊലീസ് ഓഫിസർ രഞ്ജു, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കുറത്തികാട് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ. മോഹിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.