മാവേലിക്കര: കരകളിൽ ദിവസങ്ങളായി അണിയിച്ചൊരുക്കി വന്ന കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തിലിറങ്ങിയതോടെ ചെട്ടികുളങ്ങരയിൽ ആവേശം വാനോളമായി. കഴിഞ്ഞ ദിനരാത്രങ്ങളില്‍ നാടും നാട്ടുകാരും കൈമെയ് മറന്ന് പ്രയത്നിച്ചാണ് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ തയാറാക്കിയത്.
ദേശക്കാരുടെ മെയ്ക്കരുത്തിന്റേയും കരവിരുതിന്റേയും കലാവൈഭവത്തിന്റേയും നേര്‍ക്കാഴ്ചകളാണ് ഓരോ കെട്ടുരുപ്പടികളും. ഉച്ചകഴിഞ്ഞ് കരകളില്‍ നിന്നാരംഭിച്ച കെട്ടുകാഴ്ച വരവുകൾ വയലുകളും വീഥികളും താണ്ടിയാണ് ദേവീദര്‍ശനത്തിനു എത്തിയത്. ശേഷം കരകളുടെ ക്രമത്തിലാണ് കാഴ്ചകള്‍ കണ്ടത്തിലിറങ്ങിയത്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ കരകളുടെ ക്രമത്തില്‍ ദേവീ ദര്‍ശനം നടത്തി കാഴ്ചക്കണ്ടത്തിലിറങ്ങി നാടിനെ ഭക്തി സാന്ദ്രമാക്കി. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കിയാണ് ഭരണി ആഘോഷമാക്കിയത്. രാവിലെ കുത്തിയോട്ട സമര്‍പ്പണങ്ങളും ക്ഷേത്രത്തില്‍ നടന്നു.
ദിവസങ്ങൾക്ക് മുമ്പേ കുത്തിയോട്ട ഭവനങ്ങളില്‍ ആരംഭിച്ച ചടങ്ങുകളും ആചാരപരമായി സമാപിച്ചു. പ്രഭാതത്തില്‍ കുത്തിയോട്ട ഭവനങ്ങളിലെ ചടങ്ങുകള്‍ക്ക് ശേഷം കുത്തിയോട്ട ബാലന്മാരെ അണിയിച്ചൊരുക്കി ദേവീ സന്നിധിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു. ഉച്ചക്ക് 12 ഓടെ എല്ലാ കുത്തിയോട്ടങ്ങളുടെയും സമര്‍പ്പണം നടന്നു. ഇത്തവണ കരകളില്‍ നിന്നും പുറത്തു നിന്നുമായി 15 കുത്തിയോട്ടങ്ങളാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച വെളുപ്പിന് 13 കരകളുടെയും കെട്ടുകാഴ്ച കാണാന്‍ അമ്മ ജീവിതയില്‍ എഴുന്നള്ളുന്നതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.