മാവേലിക്കര: വൃശ്ചികത്തെ വരവേൽക്കാൻ ചെട്ടികുളങ്ങര ക്ഷേത്രം ഒരുങ്ങി. ഓണാട്ടുകരയിലെ പ്രധാന ഇടത്താവളമാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രം. ഇവിടുത്തെ ക്രമീകരണം ഒരുക്കുന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട കരക്കാരുടെ കൂട്ടായ്മയാണ്. ദേവസ്വം ബോർഡിന്റെ കാര്യമായ സഹായം ലഭിക്കുന്നില്ല. ക്ഷേത്രത്തിൽ വിരിവെക്കുന്നവർ കുറവാണെങ്കിലും എല്ലാ സൗകര്യവും തയാറായിട്ടുണ്ട്. വിരിവെക്കുന്നതിന് ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ മുൻഭാഗത്തും വരാന്തയിലും ഇടങ്ങൾ തയാറാക്കി. ഭക്തർക്ക് ഭക്ഷണം നൽകാനുള്ള പ്രത്യേക ക്രമീകരണവും ഇവിടെയുണ്ട്. ആവശ്യമായ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും അന്നദാനം ഉണ്ടാകും. കഞ്ഞി, മുതിര, കടുമാങ്ങ അച്ചാർ എന്നിവയാണ് നൽകുന്നത്. സർക്കാറിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് ഡെസ്ക് ഒന്നാം തീയതി ആരംഭിക്കും. എല്ലാ ദിവസവും വൈകീട്ട് പമ്പയിലേക്കുള്ള ബസ് സർവിസ് ചെട്ടികുളങ്ങരയിൽനിന്ന് ഉണ്ടാകും. ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന പ്രശ്നങ്ങളിൽ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രദക്ഷിണ വഴികളിലെ കുഴികൾ നികത്തിയിരുന്നു. രാത്രി ക്ഷേത്രത്തിനു ചുറ്റുവട്ടമുള്ള മിക്ക ലൈറ്റുകളും പ്രകാശിക്കാത്ത അവസ്ഥയാണ്. ഇത് പരിഹരിക്കാനുള്ള നടപടികളും തുടങ്ങി.
ദിവസേന നൂറുകണക്കിന് ഭക്തരെത്തുന്ന ക്ഷേത്രത്തില്‍ മാലിന്യനിര്‍മാര്‍ജന സംവിധാനമില്ല. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടപ്പായില്ല. പലപ്പോഴും ക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്ന ഒതളപ്പുഴ തോട്ടിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇത് സമീപവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങളായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ഉത്സവത്തിനു മുമ്പ് പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.