മാവേലിക്കര: ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ ഉദ്യോഗസ്ഥർക്ക് മാത്രമല്ല ദേവസ്വംബോർഡ് ആസ്ഥാനത്തെ ചിലർ കൂടി ഒത്താശ ചെയ്തതായി സംശയിച്ച് പൊലീസ്. മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മൂന്ന് ഗ്രേഡ് എസ്.ഐമാരെ സസ്പെൻഡ് ചെയ്തിരുന്നു. മാവേലിക്കര പൊലീസ് സ്റ്റേഷനിൽ മുമ്പ് ജോലി ചെയ്തിരുന്ന വർഗീസ് മാത്യു, ഗോപാലകൃഷ്ണൻ, ഹക്കീം എന്നിവരെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. ആരോപണവിധേയരായ മൂന്ന് പേർക്കും ജോലിതട്ടിപ്പുകേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് രാജുമായി (32) അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു.
അതിനിടെ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടിൽ വൈശാഖാണ് (24) അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് രാജിന് (32) വേണ്ടി സ്വന്തം അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ തിരുവനന്തപുരം സ്വദേശിയിൽനിന്ന് കൈപ്പറ്റിയതായാണ് വൈശാഖിന് എതിരെയുള്ള കേസ്. ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് മറ്റൊരാളെ തട്ടിപ്പ് സംഘത്തിന് ബന്ധപ്പെടുത്തിക്കൊടുത്തതായി വൈശാഖിനെതിരെ പരാതി ലഭിച്ചെന്നും പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി സമർപ്പിച്ച പരാതിയിൽ നൽകിയ അക്കൗണ്ട് നമ്പർ പരിശോധിച്ചാണ് വൈശാഖിനെ പൊലീസ് കുടുക്കിയത്. വൈശാഖിന്റെ അക്കൗണ്ട് നമ്പർ നൽകിയെങ്കിലും മറ്റൊരാളുടെ പേരാണ് വിനീഷ്‌രാജ് പറഞ്ഞതെന്നാണ് പരാതിക്കാരൻ പറയുന്നത്.
ജോലി തട്ടിപ്പിനിടയിൽ സുഹൃത്തുക്കളെയും വിനീഷ് തന്ത്രപൂർവം കുടുക്കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. വിനീഷ് രാജിനെക്കൂടാതെ പി. രാജേഷ് (34), വി. അരുൺ (24), അനീഷ് (24), എസ്. ആദിത്യൻ (ആദി-22), സന്തോഷ് കുമാർ (52), ബിന്ദു (43) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിനീഷ് രാജിനെതിരെ ബുധനാഴ്ച മൂന്ന് കേസുകൂടി രജിസ്റ്റർ ചെയ്തു. ഇതോടെ വിനീഷ് രാജിന് എതിരെ മൊത്തം 45 കേസുകളായി.
അതിനിടെ ദേവസ്വം ബോർഡിലെ നിയമനത്തട്ടിപ്പ് ശ്രമത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ ഡി.ജി.പിയെ അടക്കം കണ്ടു. തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടെന്നും പ്രത്യേക അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണിത്. രാജഗോപാലൻ നായർ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട് തൊഴിൽതട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചിരുന്നു. ചെന്നൈയിലെ ഒരു വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസിയാണ് വ്യാജനിയമനഉത്തരവിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചിലരുടെ പങ്കും അന്വേഷണസംഘം സംശയിക്കുന്നു. ഓരോ തസ്തികയിലെയും ഒഴിവുകളുടെ എണ്ണം കൃത്യമായി പറഞ്ഞാണ് തട്ടിപ്പ് സംഘം പണം പിരിച്ചത്. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ ഇടനിലക്കാരെ വിശ്വസിക്കാമെന്ന് ഉറപ്പു നൽകിയതു കൊണ്ടുകൂടിയാണ് പലരും വിശ്വസിച്ച് പണം നൽകിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.