മാവേലിക്കര: സംസ്ഥാന സർക്കാർ കിഫ്ബി വഴി 38.22 കോടി ചെലവഴിച്ചു നിർമിക്കുന്ന കല്ലുമല റെയിൽവേ മേല്പാലത്തിന്റെ ടെൻഡർ നാലു മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ അറിയിച്ചു. മൽപാലത്തിനായി ഏറ്റെടുത്ത വസ്തു ഉടമകൾക്ക് 10.69 കോടി നഷ്ടപരിഹാരം നൽകി. പദ്ധതിപ്രദേശത്ത് ഭൂമിയും വീടും സ്ഥാപനങ്ങളുമുണ്ടായിരുന്ന 39 പേർക്കാണ് തുക കൈമാറിയത്. 62.7 ആർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത ഭൂമിയിൽ 36 പുരയിടങ്ങളും ആറ്റുപുറമ്പോക്ക് ഭൂമിയുമുണ്ട്. ഭൂവുടമകളോട് ഈ മാസം 28നകം ഒഴിയണമെന്ന്ആവശ്യപ്പെട്ട് കിഫ്ബി കത്ത് നൽകി.
മാർച്ച് 11ന് മേൽപാലം പദ്ധതിയുടെ നിർമാണച്ചുമതലക്കാരായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനു സ്ഥലം കൈമാറും. മേൽപാലത്തിനു സ്ഥലമേറ്റെടുക്കുന്നതിനുള്ള അന്തിമവിജ്ഞാപനം നവംബർ 22ന് പുറത്തിറങ്ങിയിരുന്നു. സാങ്കേതിക അനുമതിക്കായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനീയർ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം ചീഫ് എൻജിനീയർ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ജനറൽ മാനേജർ എന്നിവരടങ്ങുന്ന സാങ്കേതികസമിതിക്ക് എസ്റ്റിമേറ്റ് സമർപ്പിക്കണം.
നിലവിൽ 2016ലെ ഡൽഹി ഷെഡ്യൂൾഡ് നിരക്കനുസരിച്ചാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. ഇത് 2018ലെ നിരക്കനുസരിച്ചു പുതുക്കണം. സാങ്കേതിക അനുമതിക്കും കിഫ്ബിയുടെ അംഗീകാരത്തിനുംശേഷം ടെൻഡർ നടപടിയിലേക്കു കടക്കും. പദ്ധതിപ്രദേശത്ത് കെ.എസ്.ഇ.ബിയുടെ വൈദ്യുതി പ്രസരണ ടവറുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുനടന്ന മണ്ണുപരിശോധന റിപ്പോർട്ടും ടവർ ഫൗണ്ടേഷൻ ഡിസൈനും റെയിൽവേ അംഗീകരിച്ചിട്ടുണ്ട്.
കോട്ടയം പള്ളത്തുനിന്നു മാവേലിക്കരയിലേക്കുള്ള 66 കെ.വി വൈദ്യുതി പ്രസരണ ലൈനിലെ പത്ത് ടവറുകൾ മാറ്റി ആധുനിക സാങ്കേതികവിദ്യയിലുള്ള മൂന്നു ടവറാണ് സ്ഥാപിക്കുന്നത്. പദ്ധതി നടത്തിപ്പുകാരായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ പ്രവർത്തനങ്ങൾക്കായി 2.1 കോടി കെ.എസ്.ഇ.ബി പ്രസരണവിഭാഗത്തിന് അടച്ചിട്ടുണ്ടെന്ന് അസി. എക്സി. എൻജിനീയർ ഡോ. ബിജു ജേക്കബ് പറഞ്ഞു.
റെയിൽവേ ലൈനിന്റെ കിഴക്കുഭാഗത്ത് മൂന്നു ടവറുകളും പടിഞ്ഞാറുഭാഗത്ത് ഒരു ടവറുമാണു വരുന്നത്. ടവർ നിർമാണസാമഗ്രികൾ വൈദ്യുതിപ്രസരണ വിഭാഗത്തിന്റെ ചെങ്ങന്നൂർ സബ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ, ജല അതോറിറ്റി ലൈനുകളും സമയബന്ധിതമായി മാറ്റി സ്ഥാപിക്കും.
ചെറിയനാട്, മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര സ്റ്റേഷന് വടക്കുഭാഗത്തുള്ള ലെവൽക്രോസിലാണ് മേൽപാലം വരുന്നത്. റെയിൽവേ ഗേറ്റിനു പടിഞ്ഞാറ് ഗവ. ആയുർവേദ ആശുപത്രിക്കു സമീപം വെള്ളൂർകുളം മുതൽ ഗേറ്റിനു കിഴക്ക് ബിഷപ്മൂർ കോളജ് ഹോസ്റ്റലിനു മുന്നിൽവരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് പാലം നിർമാണം. ഒന്നരമീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാതയുമുണ്ടാകും. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാണ് പാലത്തിന്റെ ഉയരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.