മാവേലിക്കര: ഓണാട്ടുകരയിൽ ഇനി ഉത്സവനാളുകൾ. പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിയുടെ ചടങ്ങുകൾ വെള്ളിയാഴ്ച തുടങ്ങി. 15നാണ് കുംഭഭരണി. കെട്ടുകാഴ്ചകൾ ഒരുക്കുന്നതിന്റെ ജോലികൾ ആചാര പെരുമയോടെ വെള്ളിയാഴ്ച തുടങ്ങി. 13 കരകളിലാണ് കെട്ടുകാഴ്ചകൾ ഒരുക്കുന്ന ജോലികൾ ആചാരപരമായി തുടങ്ങിയത്. ഇനി ഒരാഴ്ച കെട്ടുകാഴ്ചയൊരുക്കുന്ന തിരക്കിലാണ് ഓരോ കരയും.
കുംഭഭരണിദിവസം ഉച്ചയോടെ പൂർത്തിയാകുന്ന കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. ക്ഷേത്രത്തിലെത്തി ദർശനം നടത്തിയശേഷം കെട്ടുകാഴ്ചകൾ ക്രമത്തിൽ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ നിരക്കും. കരകളിൽനിന്ന് ഭക്ത്യാദരപൂർവം കെട്ടിയൊരുക്കി കൊണ്ടുവരുന്ന ആറു കുതിര, അഞ്ച് തേര്, ഭീമസേനൻ, പാഞ്ചാലീസമേതനായ ഹനുമാൻ എന്നീ കെട്ടുകാഴ്ചകളും ഭക്തർ വഴിപാടായി നടത്തുന്ന കുത്തിയോട്ടവുമാണ് കുംഭഭരണി ആഘോഷത്തിന്റെ പ്രധാന ആകർഷണം. പുരാണകഥകളും ചെട്ടികുളങ്ങരക്ഷേത്ര ഐതിഹ്യവും ഭരണിവിശേഷങ്ങളുമെല്ലാമാണ് കുത്തിയോട്ടപ്പാട്ടിന്റെ ഇതിവൃത്തം. രേവതിനാൾവരെ എല്ലാദിവസവും പാട്ടും ചുവടും നടക്കും. അശ്വതിനാളിലെ വിശ്രമത്തിനുശേഷം ഭരണിനാളിൽ അതിരാവിലെ കുത്തിയോട്ട വീട്ടിൽനിന്ന് കുത്തിയോട്ടം ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി പോകും. തുടർന്ന് പ്രദക്ഷിണം വെച്ച് കിഴക്കേനടയിലെത്തി സമർപ്പണം നടത്തുന്നതോടെ കുത്തിയോട്ട ചടങ്ങുകൾ സമാപിക്കും. ഇപ്രാവശ്യം 15 കുത്തിയോട്ടങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.