മാവേലിക്കര: ആദ്യ ഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനർവിവാഹം ചെയ്തു യുവതിയുടെ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോട്ടയം ചെങ്ങളം ഈസ്റ്റ് കാഞ്ഞിരമറ്റം കിഴക്കേമുറി കെ.കെ. മനീഷിനെയാണ് (36) രണ്ടാം ഭാര്യയുടെ പരാതിയിൽ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്തു ഒപ്പമുണ്ടായിരുന്ന ആദ്യ ഭാര്യയെയും പ്രതിയാക്കി.
ബഹ്റൈനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശിനി ജില്ല പൊലീസ് മേധാവി എസ്. ജയദേവിന് ഇ-മെയിലിൽ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ പിതാവിെൻറ മൊഴിയെടുത്തു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. ഓട്ടോമൊബൈൽ ബിസിനസ് ആണെന്നും എൻജിനീയറിങ് വരെ പഠിച്ചിട്ടുണ്ടെന്നും ആദ്യ ഭാര്യ മരിച്ചെന്നുമാണ് മനീഷ് യുവതിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചത്.
ആദ്യ വിവാഹം വേർപെടുത്തിയ ചെട്ടികുളങ്ങര സ്വദേശിനിയായ യുവതി മനീഷുമായി 2020 ഒക്ടോബർ 27ന് കായംകുളത്തിനു സമീപത്തെ ക്ഷേത്രത്തിൽ െവച്ചാണ് വിവാഹിതയായത്.
സ്വന്തം വീടെന്നു മനീഷ് പറഞ്ഞു വിശ്വസിപ്പിച്ച് തലയോലപ്പറമ്പിൽ ഒരിടത്ത് ഇരുവരും ഒരു മാസം താമസിച്ചു. പിന്നീട് ബഹ്റൈനിലേക്കു പോയ യുവതി കഴിഞ്ഞ മാസം മനീഷിനെയും അവിടേക്ക് കൊണ്ടുപോയി. ബഹ്റൈനിൽ എത്തിയശേഷം മനീഷിന് യുവതി ഇടപെട്ട് ജോലി തരപ്പെടുത്തിയെങ്കിലും ഇൻറർവ്യൂവിന് പോകാതെ ഒഴിഞ്ഞുമാറി.
ഇതിൽ സംശയം തോന്നിയ യുവതി തുടർന്ന് നാട്ടിൽ ബന്ധുക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മനീഷിെൻറ ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും വ്യക്തമായി. എംബസിയെ ഇടപെടുത്തി മനീഷിനെ നാട്ടിലേക്ക് തിരിച്ചയച്ച ശേഷമാണ് പെൺകുട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി അയച്ചത്. വിവാഹശേഷം പലപ്പോഴായി 30 പവൻ സ്വർണാഭരണവും 28 ലക്ഷം രൂപയും മനീഷ് തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. സി.ഐ ജി.പ്രൈജു, എസ്.ഐ എസ്.മിനുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.സുധി, എസ്.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയത്തെ വീട്ടിൽ നിന്നാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.