മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016ല്‍ 60 കോടിയില്‍പരം രൂപയുടെ തട്ടിപ്പിന് ഇരയായവര്‍ വീണ്ടും ഹൈകോടതിയില്‍ റിട്ട് ഹരജി നല്കി. ഏഴ് വര്‍ഷമായി ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാതെ നീളുന്നതിനെതിരെ നിക്ഷേപകര്‍ നിരവധി തവണ ഹൈകോടതിയെ സമീപിച്ചിരുന്നു. അപ്പോഴൊക്കെ കോടതിയില്‍നിന്ന് അന്വേഷണ കാലാവധി നീട്ടിക്കിട്ടാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കുകയായിരുന്നു.
ഒമ്പത് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഫെബ്രുവരി മൂന്നിന് ഹൈകോടതി നിർദേശിച്ചെങ്കിലും അതും നടപ്പായില്ല. അതോടൊപ്പം സഹകരണ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. അവസാനം നിക്ഷേപകര്‍ നല്കിയ റിട്ട് ഹരജിയുടെ ഫലമായി ഇ.ഡി അന്വേഷണം തുടങ്ങിയെങ്കിലും സമയപരിധി നവംബര്‍ മൂന്നിന് അവസാനിച്ചു. നടപടികൾ നടപ്പാക്കാത്തതിനെതിരെയാണ് തഴക്കര ശാഖയിലെ നിക്ഷേപകര്‍ ഇപ്പോള്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവർക്ക് ഭാഗികമായെങ്കിലും നിക്ഷേപം മടക്കി ലഭിക്കാന്‍ സഹകരണ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തി. അവിടെ ഇ.ഡി ഉള്‍പ്പെടെ അന്വേഷണം ത്വരിതഗതിയില്‍ നീങ്ങുന്നു. 2019ല്‍ പ്രതികള്‍ക്കെതിരെ സഹകരണ വകുപ്പ് പുറപ്പെടുവിച്ച സര്‍ച്ചാര്‍ജ് ഉത്തരവ് നടപ്പാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നില്ല. 2017ല്‍ പ്രതികള്‍ക്കെതിരെ ബാങ്ക് നല്കിയ ആര്ബിട്രേഷന് കേസ് അകാരണമായി നീളുന്നു.
ഇതെല്ലാം പ്രതികളുടെ ഉന്നത സ്വാധീനത്താലാണെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. നിക്ഷേപത്തുക ഭാഗികമായെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചവരിൽ പലരും മരിച്ചു. മക്കളുടെ വിവാഹം, വീടുപണി, ചികിത്സ എന്നിവക്ക് സ്വരൂപിച്ച പണത്തിനുവേണ്ടി നിത്യേന ബാങ്കിലെത്തുന്നവരിൽ ഏറെയും വയോധികരാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നിക്ഷേപ കൂട്ടായ്മ കുറ്റപ്പെടുത്തുന്നു.
2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. മാനേജർ രണ്ട് ജീവനക്കാർ, ബാങ്ക് സെക്രട്ടറി എന്നിവരും പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമായിരുന്നു പ്രതികൾ. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 38 കോടിയുടെ ക്രമക്കേട് കണ്ടെത്തി അന്വേഷണം പൂർത്തിയാകുമ്പോൾ 65 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.