മാവേലിക്കര: നവകേരള സദസ്സിന് വേദിയാകുന്ന ഗവ. ബോയ്സ് എച്ച്.എസ്.എസിന്റെ മതിൽ പൊളിച്ച് പുനർനിർമിക്കാൻ നഗരസഭക്ക് ഫണ്ടില്ലെന്ന് കാട്ടി രേഖാമൂലം കലക്ടറെ അറിയിക്കാൻ തീരുമാനം. ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടറാണ് സുരക്ഷ മുൻനിർത്തി സ്കൂൾ മതിൽ പൊളിക്കാൻ ഉത്തരവിട്ടത്. ഇതിനായി നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൂടിയ കൗൺസിൽ യോഗത്തിൽ പുനർനിർമിക്കുന്നതിനുള്ള ഫണ്ട് സംബന്ധിച്ച് കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ വ്യക്തത തേടിയിരുന്നു.
ഡെപ്യൂട്ടി കലക്ടറെ ബന്ധപ്പെട്ടപ്പോൾ ഫണ്ട് അനുവദിക്കാൻ വകുപ്പില്ലെന്നാണ് അറിയിച്ചതെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഒ. സിന്ധു വിശദീകരിച്ചു.
മതിൽ നിർമിക്കുന്നതിന് ഫണ്ട് ലഭ്യമാക്കാമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ കത്ത് നൽകിയിരുന്നതായി എൽ.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. അതിനാൽ മതിൽ പൊളിച്ച് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് തർക്കത്തിനിടയാക്കിയെങ്കിലും ഒടുവിൽ മതിൽ പൊളിച്ചു നിർമിക്കാൻ നഗരസഭക്ക് ഫണ്ടില്ലെന്ന കാര്യം കലക്ടറെ അറിയിക്കാമെന്ന് ചെയർമാൻ കെ.വി. ശ്രീകുമാർ അറിയിച്ചു. തുടർന്ന് കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ ഇത് അംഗീകരിച്ചതോടെ യോഗം പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.