മാവേലിക്കര: കഴിഞ്ഞ 30 വർഷമായി ചർച്ച ചെയ്യപ്പെടുന്ന മിൽക്ക് സൊസൈറ്റി-റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡിന് ശാപമോക്ഷം. 45 ലക്ഷം രൂപ ചെലവഴിച്ച് നിർമാണ പ്രവർത്തനം പുനരാരംഭിച്ചതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
മാവേലിക്കര- കൃഷ്ണപുരം റോഡും പുതിയകാവ് മുനിസിപ്പാലിറ്റി റോഡുമായി ബന്ധിപ്പിക്കുന്ന കോട്ട തോടിന് മുകളിൽ സ്ലാബ് വാർത്ത് നിർമിക്കുന്ന റോഡിന്റെ ആവശ്യകത പലപ്രാവശ്യം നഗരസഭയിലും പുറത്തും ചർച്ച ചെയ്തിട്ടുള്ളതാണ്. എല്ലാ ബജറ്റിലും കോട്ട തോടിന് തുക വകയിരുത്താറുണ്ട്. എന്നാൽ, 15 വർഷമായി റോഡിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടന്നിരുന്നില്ല. 2011-22ലെ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം അനുവദിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി.
റവന്യൂ വകുപ്പ് തോടിന്റെ അതിർത്തി നിർണയിച്ച് നൽകിയെങ്കിലും നീരൊഴുക്ക് തടസ്സപ്പെടാതെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് മൈനർ ഇറിഗേഷൻ എൻ.ഒ.സി വേണമെന്നത് വീണ്ടും തടസ്സമായി. ഇതെല്ലാം പരിഹരിച്ച് പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് ജനങ്ങളിൽ വീണ്ടും പ്രതീക്ഷ വർധിപ്പിച്ചു.
15 വര്‍ഷം മുമ്പ് നിര്‍ത്തിയ ഭാഗത്തുനിന്ന് 86 മീറ്ററാണ് ഇപ്പോൾ നിർമിക്കുന്നത്. സംസ്ഥാന ബജറ്റിലും 50 ലക്ഷം തോടിനായി വകയിരുത്തിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങൾ നഗരസഭ ചെയര്മാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സൻ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.