മാവേലിക്കര: തുറന്നു കൊടുത്തിട്ടില്ലാത്ത സ്കൂൾ ശൗചാലയം അനുമതി ഇല്ലാതെ പൊളിച്ചു. മാവേലിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി ബോയ്സ് സ്കൂളിലെ ശൗചാലയമാണ് കരാറുകാരൻ പൊളിച്ചത്. 2015ൽ സ്ഥാപിച്ച ശൗചാലയം വെള്ളം ലഭ്യമാകാത്തതിനെ തുടർന്ന് ഇതുവരെയും തുറന്നു കൊടുത്തിട്ടില്ല. സ്കൂളിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ വെള്ളിയാഴ്ച രാവിലെയാണ് തുടങ്ങിയത്.
പൊളിക്കൽ ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം നഗരസഭ ചെയർമാനെ അറിയിച്ചത്. ചെയർമാനും സ്ഥിരം സമിതി അധ്യക്ഷരും കൗൺസിലർമാരും സ്ഥലത്തെത്തി പൊളിക്കുന്നത് നിർത്തിവെപ്പിക്കുകയായിരുന്നു. തുടർന്ന് മുൻസിപ്പൽ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന മുൻസിപ്പൽ എൻജീനീയറും എത്തിച്ചേർന്നു.
ശൗചാലയം പഴയ രീതിയിൽ പുനർ നിർമിക്കണമെങ്കിൽ ലക്ഷം രൂപയോളം ചിലവുവരുമെന്ന് നാട്ടുകാർ പറഞ്ഞു. നവകേരള സദസിന്റെ വേദിയുടെ പിൻഭാഗം നിൽക്കുന്നതിനാലാണ് പൊളിയുടെ വേഗം കൂടിയതെന്ന് ആരോപണമുയരുന്നുണ്ട്.
ശൗചാലയം പൊളിച്ചത് അറിഞ്ഞില്ലെന്ന് നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ പറഞ്ഞു. നാട്ടുകാർ അറിയിച്ച് സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടൻ പണി നിർത്തി വെപ്പിച്ചു. വിഷയത്തിൽ മുൻസിപ്പൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി ലഭിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കും.
കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന കാര്യം മുൻസിപ്പാലിറ്റിയിൽ നിന്ന് അറിയിച്ചിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ പുഷ്പ രാമചന്ദ്രൻ പറഞ്ഞു. ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചു നീക്കാനായി മുൻപ് അപേക്ഷ കൊടുത്തിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. നവകേരള സദസിന്റെ സ്റ്റേജ് നിർമാണം നടക്കുന്നതിനാൽ പൊളിക്കൽ നടക്കുന്നത് അറിഞ്ഞില്ല.
ശൗചാലയം പൊളിക്കാൻ അനുമതി നൽകിയിരുന്നില്ലെന്ന് മുനിസിപ്പൽ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.