മാവേലിക്കര: വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എ.പി. ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്ത കേസിൽ പ്രതികളായ ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷനൽ ജില്ല കോടതി കണ്ടെത്തി. കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. പ്രതികൾക്ക് നൽകേണ്ട ശിക്ഷയെ സംബന്ധിച്ച് നാലിന് വാദം കേൾക്കും.
2019 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസ്സിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണവും 17,338 രൂപയും അപഹരിച്ച് കടന്ന പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021 നവംബർ ഒന്നിന് ആരംഭിച്ച വിചാരണ ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി. കേസിൽ വിശാഖപട്ടണം ആർ.പി.എഫ് പൊലീസിലെ അഞ്ച് പേരും ആന്ധ്ര, ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.