ആലപ്പുഴ: ബി.െജ.പി മുന്നേറ്റം തടയാൻ കർശന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന സി.പി.എം ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലാണ് നിർദേശം നൽകിയത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പിണറായി യോഗത്തിൽ എടുത്ത് പറഞ്ഞു. നേതാക്കൾ തന്നെ ഇവിടങ്ങളിൽ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കണം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേടിയ മേൽക്കോയ്മ നിലനിർത്തുന്നതോടൊപ്പം എൽ.ഡി.എഫ് സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. ഞായറാഴ്ച രാത്രി വൈകി മാത്രമാണ് പിണറായി വിജയൻ ജില്ല സെക്രേട്ടറിയറ്റിൽ പങ്കെടുക്കുമെന്ന വിവരം നേതൃത്വത്തിന് ലഭിച്ചത്.
രാവിലെ കോട്ടയത്ത് എം.ജി സർവകലാശാല പരിപാടിക്ക് എത്തിയ മുഖ്യമന്ത്രി കോട്ടയം ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഉച്ചതിരിഞ്ഞ് ആലപ്പുഴയിൽ എത്തിയത്. ഒരുമണിക്കൂറോളം യോഗത്തിൽ പങ്കെടുത്ത് ജില്ലയിലെ തെരഞ്ഞെടുപ്പ് സ്ഥിതിഗതികൾ വിലയിരുത്തി. വിവിധ മണ്ഡലങ്ങളിലെയും വിജയസാധ്യത പരിശോധിച്ചു. ഘടകകക്ഷികൾക്ക് നീക്കിവെക്കുന്ന സീറ്റുകളെ കുറിച്ച് സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റിയിൽ ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രധാനമായും നടന്നത്.
ഘടകകക്ഷികളുടെ പക്കലുള്ള കുട്ടനാട്, ചേർത്തല, ഹരിപ്പാട് സീറ്റുകൾ സംബന്ധിച്ച് പ്രത്യേക വിലയിരുത്തലുകൾ നടന്നു. ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായ അരൂർ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയമടക്കമുള്ള വിഷയങ്ങളിൽ ജാഗ്രത വേണമെന്നും നിർദേശിച്ചു. എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള നീക്കം ശക്തമാക്കണമെന്ന നിർദേശം നൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രി ജി. സുധാകരൻ, ജില്ല സെക്രട്ടറി ആർ. നാസർ, സജി ചെറിയാൻ എം.എൽ.എ, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.