ആലപ്പുഴ: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 80.01 ശതമാനം വിജയം. സംസ്ഥാനതലത്തിൽ വിജയശതമാനം കുറഞ്ഞപ്പോഴും നേരിയ വിജയശതമാനം ഉയർത്തിയാണ് ജില്ലയുടെ മുന്നേറ്റം. കഴിഞ്ഞവർഷത്തെ 79.46 ശതമാനത്തിൽനിന്നും 0.55 ശതമാനം അധികവിജയം ഉറപ്പിച്ചായിരുന്നു നേട്ടം. 120 കേന്ദ്രങ്ങളിലായി 22,255 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 17682പേർ ഉപരിപഠനത്തിന് അർഹതനേടി. 1707 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഓപൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം കുത്തനെ കൂട്ടിയെങ്കിലും വി.എച്ച്.എസ്.ഇ, ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പിന്നാക്കംപോയി.
ടെക്നിക്കൽ സ്കൂൾവിഭാഗത്തിൽ 63.11 ശതമാനമാണ് വിജയം. കഴിഞ്ഞവർഷത്തെ 67 ശതമാനത്തിൽനിന്നും 3.89 ശതമാനം കുറവാണ്. ഇവിടെ പരീക്ഷയെഴുതിയ 103പേരിൽ 65പേർ വിജയിച്ചു. എല്ലാവിഷയത്തിനും എപ്ലസ് നേടിയത് അഞ്ചുപേർ മാത്രമാണ്. ഓപൺസ്കൂൾ വിഭാഗത്തിൽ 61.61 ശതമാനമാണ് വിജയം. കഴിഞ്ഞവർഷത്തേക്കാൾ 15.69 ശതമാനം ഉയർത്തിയായിരുന്നു മുന്നേറ്റം. 2022-ൽ 45.92 ശതമാനം മാത്രമായിരുന്നു വിജയം. ഈ വിഭാഗത്തിൽ പരീക്ഷയെഴുതിയ 758 പേരിൽ 467പേർ ഉപരിപഠനത്തിന് യോഗ്യതനേടി. 48 കുട്ടികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി.
വി.എച്ച്.എസ്.ഇയിൽ 76.13 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 76.57 ശതമാനമായിരുന്നു. അതിൽനിന്ന് 0.44 ശതമാനം കുറവാണ് വിജയം. 1441 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 1097 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. പ്ലസ്ടുവിന് 2019-ൽ 80.29 ശതമാനം, 2020-ൽ 82.46 ശതമാനം, 2021-ൽ 84.18 ശതമാനം, 2022-ൽ 79.46 ശതമാനം എന്നിങ്ങനെയാണ് വിജയം.
കഴിഞ്ഞവർഷം ഇടിഞ്ഞ വിജയശതമാനത്തിൽനിന്ന് 80ലേക്ക് കുതിച്ചായിരുന്നു വിജയത്തിളക്കം. മുൻവർഷത്തേക്കാൾ എപ്ലസ് നേടിയവരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇക്കുറി 1707പേരാണ് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത്. കഴിഞ്ഞവർഷം 1328പേർക്ക് മാത്രമാണ് എപ്ലസ് നേടാനായത്. കഴിഞ്ഞവർഷത്തേക്കാൾ 379പേർക്കാണ് കുടൂതലലായി എപ്ലസ് നേടാനായത്. 2021ൽ എല്ലാവിഷയത്തിനും 2,340 പേർ എപ്ലസ് വിജയം നേടിയിരുന്നു.
ആലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയില്‍ ജില്ലയില്‍ 19,311 വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. സ്കൂൾ ഗോയിങ്, ടെക്നിക്കൽ സ്കൂൾ, ഓപൺ സ്കൂൾ, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി 24,402 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ സ്കൂൾ ഗോയിങ്-17,682, ടെക്നിക്കൽ-65, ഓപൺ സ്കൂൾ-467, വി.എച്ച്.എസ്.ഇ-1097 എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ആലപ്പുഴ: ജില്ലയിൽ നാല് സ്കൂളിന് നൂറു ശതമാനം വിജയം. പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ഗവ. എച്ച്.എസ്.എസ് കാക്കാഴം, കാർമൽ അക്കാദമി ഇ.എം.എച്ച്.എസ്.എസ് പഴവങ്ങാടി, മദർ തെരേസ എച്ച്.എസ്.എസ് മുഹമ്മ എന്നിവയാണ് നൂറു ശതമാനം വിജയം സ്വന്തമാക്കിയത്.
ഇതിൽ സർക്കാർ സ്കൂളുകളായ കാക്കാഴം ഗവ. സ്കൂളും പുന്നപ്ര മോഡൽ റെസിഡൻഷ്യലിന്റെയും നേട്ടമാണ് എടുത്തുപറയേണ്ടത്. മുഹമ്മ മദർ തെരേസ സ്കൂൾ (92), പഴവങ്ങാടി കാർമൽ അക്കാദമി (57) കുട്ടികളെയും വിജയിപ്പിച്ച് ജില്ലക്ക് അഭിമാനമായി. കഴിഞ്ഞതവണ രണ്ട് സർക്കാർ വിദ്യാലയമടക്കം അഞ്ച് സ്കൂൾ നൂറു ശതമാനം വിജയം സ്വന്തമാക്കിയിരുന്നു.
ആലപ്പുഴ: പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടിയവരുടെ തിളക്കമില്ലാതെ ജില്ല. സംസ്ഥാനതലത്തിൽ വിവിധ ജില്ലകളിലായി ഈ നേട്ടം പങ്കിട്ടത് 71 വിദ്യാർഥികളാണ്. കഴിഞ്ഞവർഷം രണ്ടു വിദ്യാർഥികൾ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. മാവേലിക്കര മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്മൃതി സന്തോഷ് കുമാറും ചുനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അലീന ആർ. സുരേഷുമാണ് ഒരുമാർക്കുപോലും വിട്ടുകൊടുക്കാതെ ജില്ലക്ക് അഭിമാനതാരങ്ങളായത്.
ആലപ്പുഴ: വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 76.13 ശതമാനം വിജയം. 1441ല്‍ 1097 പേർ ഉന്നതപഠനത്തിന് അർഹതനേടി. 97.33 ശതമാനവുമായി മുതുകുളം വി.എച്ച്.എസ്.എസും 95.45 ശതമാനവുമായി പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസും മികച്ചവിജയം സ്വന്തമാക്കി.
മുതുകുളം വി.എച്ച്.എസ്.എസിൽ 75ല്‍ 73 പേരെയും നടുവട്ടം വി.എച്ച്.എസ്.എസില്‍ 88ല്‍ 84 പേരെയും വിജയിപ്പിച്ചാണ് ഈനേട്ടം. ജില്ലയിൽ ഏറ്റവും കുറഞ്ഞ വിജയശതമാനം നേടിയത് കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്സും (57.47) പെരുമ്പളം ഗവ. വി.എച്ച്.എസ്.എസുമാണ് (17.65). കണിച്ചുകുളങ്ങരയിൽ 87 പേർ എഴുതിയിൽ 50 പേർ വിജയിച്ചപ്പോൾ പെരുമ്പളത്ത് 34 പേരിൽ ആറുപേർ മാത്രമാണ് ജയിച്ചത്.
അമ്പലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലക്ക് അഭിമാനമായി കാക്കാഴം ഗവ ഹയര്സെക്കഡറിയും പുന്നപ്ര മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും. സര്‍ക്കാര്‍ സ്കൂളുകളില്‍ ജില്ലയില്‍ നൂറുശതമാനം വിജയം നേടിയതും ഈ രണ്ട് സ്കൂളുകള്‍ മാത്രമാണ്.കാക്കാഴം സ്കൂളിൽ പരീക്ഷയെഴുതിയ 111 വിദ്യാർത്ഥികളും തിളക്കമാർന്ന രീതിയിലാണ് വിജയം നേടിയത്. പുന്നപ്ര സ്കൂളിൽ പരീക്ഷ എഴുതിയ 37 പേരും വിജയിച്ചു.
പറവൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതിയ 104 കുട്ടികളില്‍ 91 പേര് വിജയിച്ചു. ഇതില്‍ 10 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതിയ 403 കുട്ടികളില്‍ 318 പേര് വിജയിച്ചു. ഇതില്‍ 30 കുട്ടികള്‍ക്ക് എ പ്ലാസ് നേടാനായി. പുന്നപ്ര അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതിയ 527 പേരില്‍ 353 പേര് വിജയിച്ചു.
അമ്പലപ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 117 പേരില്‍ 88 പേര് വിജയിച്ചു. അമ്പലപ്പുഴ ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 159 പേരില്‍ 98 പേര് വിജയിച്ചു. നാലുപേര്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടി. അമ്പലപ്പുഴ കെ.കെ കുഞ്ചുപിള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പരീക്ഷ എഴുതിയ 113 പേരില്‍ 112 പേര് വിജയിച്ചു. ഇതില്‍ 16 പേര് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.