പൂച്ചാക്കൽ: ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് അമ്പതാണ്ട് പൂർത്തിയാകുമ്പോൾ പൂച്ചാക്കൽ തേവർവട്ടത്തിരുന്ന് യുദ്ധനിമിഷങ്ങൾ ഓർത്തെടുക്കുകയാണ് 81കാരനായ മുൻ സൈനികൻ. തൈക്കാട്ടുശ്ശേരി തേവർവട്ടം രാജ് വി. മൻസിലിൽ കെ. അബ്ദുല്ലക്ക് 50 വർഷം മുമ്പുള്ള യുദ്ധഓർമകൾ ഇന്നലെ പോലെ വ്യക്തം.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബ് റഹ്മാനെക്കുറിച്ച് പറയാൻ നൂറുനാവാണ് ഈ മുൻ സൈനികന്. അദ്ദേഹത്തിെൻറ ജീവിതം പ്രചോദിപ്പിച്ചതിനാലാണ് തനിക്ക് ആ സമയത്ത് ജനിച്ച കുട്ടിക്ക് മുജീബ് എന്ന പേരിട്ടതെന്നും അബ്ദുല്ല പറയുന്നു. രോഗബാധിതനായി ആ കുട്ടി മരിച്ചപ്പോൾ മുജീബ് റഹ്മാെൻറ ഓർമ മനസ്സിൽനിന്ന് പോകാതിരിക്കാൻ പിന്നീട് ജനിച്ച കുട്ടിക്കും മുജീബ് എന്നുതന്നെ പേര് ഇട്ടു.
ഡൽഹിയിലും ധാക്കയിലും അമ്പതാണ്ടിെൻറ ആഘോഷം നടക്കുമ്പോൾ, മുജീബ് റഹ്മാനെയും യുദ്ധനിമിഷങ്ങളെയും ഓർത്തെടുത്ത് താനും അതിൽ പങ്കുചേർന്നതായി ഇദ്ദേഹം പറയുന്നു. കരസേനയിൽ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവറായിരുന്ന ഇദ്ദേഹം യുദ്ധമുഖത്തേക്കുള്ള ഇന്ത്യൻ പട്ടാളക്കാരെ എത്തിച്ചിരുന്ന ജോലിയിലാണ് ഏർപ്പെട്ടിരുന്നത്.
10 വർഷം റിസർവായും 10 വർഷം റെഗുലറായും കരസേനയിൽ ജോലി നോക്കി. 1983 മാർച്ച് 29നാണ് വിരമിച്ചത്. നാട്ടിലെത്തിയ ശേഷം കെ.എസ്.ആർ.ടി.സി ഡ്രൈവറായി ജോലി നോക്കിയ ഇദ്ദേഹം ഇപ്പോൾ കുടുംബവുമൊത്ത് വിശ്രമജീവിതത്തിലാണ്. കഥാകൃത്തും സാഹിത്യകാരനുമായ പൂച്ചാക്കൽ ഷാഹുലിെൻറ സഹോദരി പി.എ. ഫാത്തിമയാണ് ഭാര്യ. രഹന, രാജ്വി, മുജീബ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.