ആലപ്പുഴ: തെരുവുനായ് ആക്രമണത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും ജില്ലയിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ നിർജീവം. ജില്ലയിൽ രണ്ട് വന്ധ്യംകരണ കേന്ദ്രങ്ങളാണുള്ളത്. അവ രണ്ടിനും അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതിയായിട്ടില്ല.
രണ്ടിനും അനുമതി ലഭിച്ചാലും ജില്ലയിലെ നായ്ക്കളെ മുഴുവൻ ഈ രണ്ട് കേന്ദ്രങ്ങളിലെത്തിച്ച് വന്ധ്യംകരിക്കൽ പ്രായോഗികമല്ലെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു. ഇതോടെ തെരുവുനായ് ഭീതിയിൽനിന്ന് നാട് ഉടനൊന്നും മുക്തമാകില്ലെന്ന് വെളിപ്പെടുകയാണ്.
രണ്ടുവർഷം മുമ്പാണ് ജില്ലയിൽ കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലുമുള്ള വന്ധ്യംകരണ കേന്ദ്രങ്ങൾ അടച്ചത്. മൊബൈൽ വന്ധ്യംകരണ സംവിധാനവും ഇല്ലാതായി. ഇതോടെ നായ്ക്കൾ പെറ്റുപെരുകുന്ന സ്ഥിതിയായത്. നഗരങ്ങളിൽ ഓരോ 200 മീറ്റർ ഇടവിട്ട് നായ്ക്കൂട്ടങ്ങൾ തമ്പടിച്ച നിലയിലാണ്.
ജില്ലയിൽ തെരുവുനായ് ആക്രമണം ഉണ്ടാകാത്ത ഒരുദിവസം പോലുമില്ല. മുതുകുളത്ത് ഞായറാഴ്ച മൂന്നുകുട്ടികളടക്കം ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു. ഒരുവർഷത്തിനിടെ ആയിരക്കണക്കിന് ആളുകളാണ് കടിയേറ്റ് ആരോഗ്യ വകുപ്പിനുകീഴിൽ ചികിത്സ തേടിയത്.
പ്രധാന നഗരങ്ങളിലും റോഡുകളിലും ഇവയുടെ ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളുടെ കടിയേറ്റാൽ പലപ്പോഴും സർക്കാർ ആശുപത്രികളിൽനിന്ന് പേവിഷ പ്രതിരോധ വാക്സിൻ ലഭിക്കാറില്ല. കൂടുതൽ പണംനൽകി സ്വകാര്യമേഖലയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വണ്ടാനം മെഡിക്കൽ കോളജിൽ വാക്സിൻ നൽകുന്നുണ്ട്. അരൂർ മുതൽ കായംകുളം വരെയുള്ളവർ വാക്സിനായി വണ്ടാനത്ത് എത്തേണ്ട അവസ്ഥയുണ്ട്.
മാലിന്യം കുമിഞ്ഞുകൂടുന്ന ഇടങ്ങളിലാണ് തെരുവുനായ് ശല്യം രൂക്ഷം. മാലിന്യനിർമാർജനത്തിന് പരിഗണന നൽകിയാൽ മാത്രമേ ഇവയെ നിയന്ത്രിക്കാനാകൂവെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു. നിരവധി തെരുവുനായ്ക്കൾക്കാണ് രണ്ടുവർഷത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നഗരസഭയടക്കം ചിലയിടങ്ങളിൽ പേ വിഷബാധക്കെതിരെ നായ്ക്കൾക്ക് പ്രതിരോധ മരുന്ന് നൽകുന്നുണ്ട്. അതും സാർവത്രികമാകുന്നില്ല.
മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടി (എ.ബി.സി പ്രോഗ്രാം) ജില്ലയിൽ നടക്കുന്നില്ല. എ.ബി.സി പദ്ധതി ഇടക്ക് നിലച്ചതോടെ തെരുവുനായ്ക്കൾ പെറ്റുപെരുകി. കണിച്ചുകുളങ്ങരയിലും ആലപ്പുഴ ബീച്ചിനടത്തുമാണ് വന്ധ്യംകരണ കേന്ദ്രങ്ങളുള്ളത്. ഇതിൽ കണിച്ചുകുളങ്ങരയിലേത് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.
അനിമൽ വെൽഫെയർ ബോഡിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകിയെങ്കിലും അംഗീകാരം നൽകാൻ വൈകുന്നതിനാലാണ് പ്രവർത്തനം വൈകുന്നതെന്ന് ജില്ല പഞ്ചായത്ത് അധികൃതർ പറയുന്നു.
ബീച്ചിലേത് നിർമാണം 98 ശതമാനവും പൂർത്തിയായി. ചുറ്റുമതിലിന് ഉയരം കൂട്ടുന്ന പ്രവൃത്തിമാത്രമാണുള്ളത്. അതിന്റെ അംഗീകാരത്തിന് ഉടൻ അപേക്ഷ നൽകും. മാവേലിക്കരയിലെ കേന്ദ്രം അടഞ്ഞുകിടക്കുകയാണ്. മാനദണ്ഡം അനുസരിച്ചുള്ള സജ്ജീകരണങ്ങൾ ഒരുക്കാനുള്ള സ്ഥല സൗകര്യം ഇല്ലാത്തതിനാലാണ് അത് അടച്ചിട്ടിരിക്കുന്നത്.
വന്ധ്യംകരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന കാലത്ത് തെരുവുനായ്ക്കൾ ഇന്നത്തെപ്പോലെ പെരുകിയിരുന്നില്ല. എണ്ണം കുറഞ്ഞു തുടങ്ങുകയും ചെയ്തിരുന്നുവെന്ന് അധികൃതർ പറയുന്നു. നിലവിൽ ഒരു വന്ധ്യംകരണ കേന്ദ്രം സജ്ജീകരിക്കാൻ കോടികൾ ചെലവ് വരും.
2000 ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കു മാത്രമേ നായ്ക്കളെ വന്ധ്യംകരിക്കാൻ അനുമതിയുള്ളൂ. എ.ബി.സി സെന്ററിൽ എ.സി, അടുക്കള, പാചകക്കാർ, ശുചിമുറികൾ തുടങ്ങിയവ വേണമെന്ന ആവശ്യം കർശനമാണ്.
കെട്ടിടത്തിനും മറ്റ് സജ്ജീകരണങ്ങൾക്കും ഒരുകോടിയിലേറെ ചെലവ് വരും. ഇതിനായി ഭൂമി കണ്ടെത്തേണ്ടതുമുണ്ട്. ഫണ്ടില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കാൻ തയാറാകുന്നില്ല. നിലവിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഒരു വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.