ആലപ്പുഴ: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായ പള്ളാത്തുരുത്തി ആർച്ച് പാലത്തിന്റെ നിർമാണം അതിവേഗം. അതേസമയം, പണ്ടാരക്കളം പാലത്തിന്റെ നിർമാണം പൂർണമായും മുടങ്ങി. പള്ളാത്തുരുത്തിയിൽ ജലാശയത്തിൽ തൂണുകൾ നിർമിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
പണ്ടാരക്കളത്ത് എച്ച്.ടി (ഹൈ ടെൻഷൻ) ടവർ ഉയർത്തി നിർമിക്കുന്നതിനെതിരെ വൈദ്യുതി വകുപ്പ് സ്റ്റേ വാങ്ങിയതാണ് പാലം നിർമാണത്തിന് തടസമായത്. ആലപ്പുഴയിൽനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിന്റെ ഇടതുഭാഗത്തെ ടവറാണ് ഉയർത്തി നിർമിക്കേണ്ടത്.
നിശ്ചയിച്ച രൂപരേഖയിൽ മാറ്റം വരുത്തി വലിയഴീക്കൽ മാതൃകയിൽ ‘ബോസ്ട്രിങ്ങ്’ പാലമാണ് പള്ളാത്തുരുത്തിയിൽ ഉയരുന്നത്. ജലപാതയുടെ ഒരുവശത്ത് എട്ട് തൂണുകളിൽ കോൺക്രീറ്റ് പാളികൾ സ്ഥാപിച്ചു. ജലായശങ്ങളിൽ നാല് തൂണുകളും ഉയർന്നതിനൊപ്പം മറ്റിടങ്ങളിലെ പൈലിങ് പുരോഗമിക്കുകയാണ്.
ആർച്ച് സ്പാനിനായി 44 തൂണുകളാണ് നിർമിക്കേണ്ടത്. ബാർജിൽ ഘടിപ്പിച്ച പൈലിങ് യൂണിറ്റ് ഉപയോഗിച്ചാണ് പൈലിങ് നടത്തുന്നത്. സമാന്തരമായി കരയിലും പൈലിങ് ജോലികളും കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്ന ജോലികളുമുണ്ട്. മൂന്ന് യൂനിറ്റ് യന്ത്രം ഉപയോഗിച്ചാണ് കരയിൽ പൈലിങ്.
ജലാശയത്തിലും കരയിലുമായി 110 തൂണുകളാണ് വേണ്ടത്. അധികം വേണ്ടിവരുന്ന 30 കോടിരൂപ സർക്കാർ അനുവദിച്ചതോടെയാണ് പുതിയരൂപരേഖയിൽ പാലം നിർമിക്കുന്നത്. പണി പൂർത്തിയാകുമ്പോൾ പുതിയപാലം മുകളിലും പഴയത് താഴെയുമാവും. പാലങ്ങളിലൂടെ ഒരുവശത്തേക്കു മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിൽ ഇനി അവശേഷിക്കുന്നത് മൂന്ന് പാലത്തിന്റെ നിർമാണം. പണ്ടാരക്കളം മേൽപാലം, പള്ളാത്തുരുത്തി വലിയപാലം, മുട്ടാർ ആർച്ച് പാലം എന്നിവയാണത്. മുട്ടാർ പാലത്തിന്റെ കോൺക്രീറ്റ് അടക്കം പൂർത്തിയായെങ്കിലും കിടങ്ങറ വലിയപാലവുമായി ബന്ധിപ്പിക്കുന്നതും അപ്രോച്ച് റോഡിന്റെ പണിയും തീരാനുണ്ട്. പണ്ടാരക്കളത്ത് ടവറാണ് പ്രധാനതടസ്സം.
പള്ളാത്തുരുത്തിയിൽ ദേശീയ ജലപാത ചട്ടം അനുസരിച്ചാണ് പുതിയപാലം ഉയരുന്നത്. റോഡിന്റെ നിർമാണ വേളയിൽ നിലവിലെ പാലത്തിന് സമാന്തരമായി അതേഅളവിൽ പാലം നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് നെടുമുടി, കിടങ്ങറ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി. എന്നാൽ, പള്ളാത്തുരുത്തിയിലൂടെ കടന്നുപോകുന്ന ജലാശയം ദേശീയ ജലപാതയായതിനാൽ തൂണുകൾ ചട്ടം അനുസരിച്ചുള്ള അകലം പാലിക്കണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.