ആലപ്പുഴ: നഗരത്തെ മുൾമുനയിൽ നിർത്തി രണ്ടരമണിക്കൂർ തെരുവുയുദ്ധം. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചാണ് സംഘർഷത്തിനും പൊലീസുമായുള്ള ഏറ്റുമുട്ടലിലും കലാശിച്ചത്.
സംഘർഷസാധ്യത കണക്കിലെടുത്ത് ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ വൻപൊലീസിനെയും വിന്യസിച്ചിരുന്നു. ആലപ്പുഴ ടൗൺഹാളിൽനിന്ന് മാർച്ച് ആരംഭിച്ച കലക്ടറേറ്റ് മാർച്ച് നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിൽ ബാരിക്കേഡ് തീർത്ത് തടഞ്ഞു.
ഉദ്ഘാടകയായ രമ്യ ഹരിദാസ് എം.പി പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനവും അഴിച്ചുവിട്ടു.
ഉദ്ഘാടനപ്രസംഗത്തിന് പിന്നാലെയാണ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത്. സംഘർഷത്തിനിടെ സമീപത്തെ നഗരസഭ മന്ദിരത്തിന്റെ മതിൽചാടി കടന്ന് വനിതകളടക്കമുള്ളവർ ഗേറ്റിലൂടെ വലയംദേഭിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഏറെനേരം സംയമനം പാലിച്ചു. ഇതിനിടെയാണ് ആദ്യറൗണ്ട് ജലപീരങ്കി പ്രയോഗിച്ചത്. റോഡിൽ നിലയുറപ്പിച്ച പ്രവർത്തകർ പൊലീസ് വാഹനത്തിനും പൊലീസുകാർക്ക് നേരെയും നിരവധിതവണ കല്ലെറിഞ്ഞു.
കയർമുറിച്ചുമാറ്റി രണ്ട് ബാരിക്കേഡ് തകർത്തു. ബാരിക്കേഡുകൾ അഴിച്ചുമാറ്റിയതിന് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു പൊലീസ് ലാത്തിവീശിയത്. ചിതറിയോടിയ പ്രവർത്തകരെ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതച്ചു. ജില്ല പ്രസിഡന്റ് എം.പി. പ്രവീണിനെയും ചില വനിത പ്രവർത്തകരെയും വെറുതെവിട്ടില്ല.
വനിതകളെ വലിച്ചിഴിച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. ലാത്തിയടിയിൽ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ തലക്കും പരിക്കേറ്റു. വനിതകളടക്കമുള്ളവർക്ക് പൊലീസ് ചികിത്സ നിഷേധിച്ചതായും പരാതിയുണ്ട്.
ജനറൽആശുപത്രി-കലക്ടറേറ്റ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. നഗരത്തിൽ വൻഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഏറ്റുമുട്ടലിൽ കലക്ടറേറ്റിലേക്ക് അടക്കം വിവിധ ആവശ്യങ്ങൾക്ക് എത്തിയവരും വലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.