ആലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ ട്രോമാ വാർഡിലും ഐ.സി.യുവിലും അതി രൂക്ഷ ഗന്ധം. രോഗികളും ജീവനക്കാരുമടക്കം ഭീതിയിലായി. വാർഡിൽ നിന്ന് രോഗികളെ മാറ്റി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ട്രോമാ വാർഡിൽ ഗന്ധം അനുഭവപ്പെട്ടത്. അൽപ സമയം കഴിഞ്ഞപ്പോൾ ഐ.സി.യുവിലും ഇതനുഭവപ്പെട്ടു. ഉടൻ വാർഡിലെ 20 ഓളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. പിന്നീട് വിവരമറിയിച്ചതിനെത്തുടർന്ന് ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.
ഐ.സി.യുവിൽ ഏഴ് രോഗികളും 10 ഓളം ജീവനക്കാരുമുണ്ടായിരുന്നു. ഐ.സി.യുവിലെ അത്യാസന്ന നിലയിലായ രോഗികളെ മാറ്റാൻ കഴിയുമായിരുന്നില്ല. ഇതിനാൽ ഐ.സി.യുവിൽ നിറഞ്ഞു നിന്ന വായു പ്രത്യേകം പമ്പ് ഉപയോഗിച്ച് പുറത്തേക്ക് കളഞ്ഞു. വാർഡിലെയും ഐ.സി.യുവിലെയും ഗ്യാസ് സിലിണ്ടറുകൾ പരിശോധിച്ചെങ്കിലും ഇതിൽ ചോർച്ചയില്ലെന്ന് കണ്ടെത്തി.
ഐ.സി.യുവിലെ എ.സി പരിശോധിച്ചെങ്കിലും ഇതിലും തകരാറ് കണ്ടെത്തിയില്ല. വാർഡും ഐ.സിയുവും ശുചീകരിക്കുന്ന എക്കോ ഷീൽഡ് എന്ന ലായനിയുടെ അളവ് കൂടിപ്പോയതാകാം ഗന്ധത്തിന് കാരണമായതെന്ന് കരുതുന്നു. പിന്നീട് ഈ ഗന്ധം അനുഭവപ്പെട്ടില്ല. ഒന്നര മണിക്കൂറോളം അഗ്നിരക്ഷാ ഉദ്യോഗസ്ഥർ രക്ഷാ പ്രവർത്തനം നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.