ആലപ്പുഴ: ബീച്ചിൽ വീണ്ടും ആത്മഹത്യാശ്രമം. പുന്നപ്ര സ്വദേശിയായ 36കാരിയെയും മക്കളായ 12ഉം ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളെയും ടൂറിസം പൊലീസ് രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവങ്ങൾക്ക് തുടക്കം. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ ബീച്ചിൽനിന്ന് പോകാതായതോടെ പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ഇതരസംസ്ഥാനക്കാരനുമായുള്ള വിവാഹത്തെത്തുടർന്ന് സംസ്ഥാനത്തിന് പുറത്താണ് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. ഭർത്താവുമായി പിണങ്ങി കുറച്ചുനാളുകൾക്ക് മുമ്പാണ് സ്വദേശത്തേക്ക് മടങ്ങിയത്. കുടുംബവീടിന് സമീപം ഷെഡുകെട്ടി താമസിക്കുകയായിരുന്നു.
ഇതിനിടെ, കഴിഞ്ഞദിവസം അമ്മയുമായി വഴക്കിട്ടതോടെ ജീവിക്കാൻ മറ്റ്മാർഗമില്ലാതായതോടെ കുട്ടികളുമായി ആത്മഹത്യ ചെയ്യാൻ ബീച്ചിലെത്തിയതാണെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. മക്കൾക്ക് വിദ്യാഭ്യാസം നൽകിയില്ലെന്ന കുറ്റബോധവുമുണ്ടായിരുന്നു. യുവതിയുടെ മാനസികനില മനസ്സിലാക്കി ടൂറിസം പൊലീസ് അനുനയിപ്പിച്ച് തീരത്തുനിന്ന് പിന്തിരിപ്പിച്ചു.
പിന്നീട് ആവശ്യമായ ബോധവത്കരണം നൽകി വനിത പൊലീസ് സ്റ്റേഷനിലെത്തിച്ച് കൗൺസലിങ് നൽകി. സ്നേഹിത പദ്ധതിയുമായി ചേർന്ന് കുറച്ചുദിവസം താമസിക്കാൻ സൗകര്യവും ഒരുക്കിയതോടെയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി.
ടൂറിസം എസ്.ഐ. പി.ജയറാം, പൊലീസുകാരായ സീമ, മാത്യു എന്നിവർ ചേർന്നാണ് യുവതിയെ അനുനയിപ്പിച്ചത്. മൂന്നുമാസത്തിനിടെ കുടുംബപ്രശ്നമടക്കം 12-ാമത്തെ ആത്മഹത്യാശ്രമാണ് പൊലീസും കോസ്റ്റൽ ഗാർഡനും ചേർന്ന് വിഫലമാക്കിയത്.
കടപ്പുറത്ത് തിരയിൽപ്പെട്ട തമിഴ്നാട് സ്വദേശിയായ ഏഴുവയസ്സുകാരനെ ടൂറിസം പൊലീസും കോസ്റ്റൽ ഗാർഡനും ചേർന്ന് രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് സംഭവം. കാറ്റാടി കാടുകൾക്ക് സമീപത്തെ തീരത്തോട് ചേർന്ന് വെള്ളത്തിൽ പന്ത് എറിഞ്ഞുകളിക്കുന്നതിനിടെ തിരയിൽപെടുകയായിരുന്നു.
ഈ സമയം സമീപത്തുണ്ടായിരുന്ന കോസ്റ്റൽ ഗാർഡൻ രഞ്ജിത് കടലിൽചാടി രക്ഷപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടിൽനിന്നും പുരവഞ്ചി സഞ്ചാരത്തിന് എത്തിയ എട്ടംഗസംഘത്തിൽ ഉൾപ്പെട്ടതാണ് കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.