ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ വധക്കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിന്റെ ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്.
ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ജാമ്യം റദ്ദാക്കാൻ ആലപ്പുഴ അഡീ. സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ അപേക്ഷ നൽകിയെങ്കിലും കഴിഞ്ഞ ഏപ്രിലിൽ തള്ളിയിരുന്നു. ജാമ്യം റദ്ദാക്കാൻ ഹൈകോടതിയിലാണ് ഹരജി നൽകേണ്ടതെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
ഇതേതുടർന്നാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്. പ്രതികൾ നടത്തിയ ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകൾ പരിഗണിച്ച് ശരിയായി മനസ്സിരുത്താതെയാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതെന്ന് ഹരജിയിൽ പറയുന്നു. ഒന്നാം പ്രതിയടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സ്വേച്ഛാപരവും ശരിയല്ലാത്തതും നിയമ വിരുദ്ധവുമായ തീരുമാനത്തിലൂടെയാണ് ജാമ്യം അനുവദിച്ചത്.
അതിനാൽ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഷാൻ വധക്കേസിൽ നേരത്തേ കുറ്റപത്രം നൽകിയതാണ്. ഈ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു. 2021 ഡിസംബർ 18ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽ വെച്ച് ഷാനെ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.