ആലപ്പുഴ: പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിൽനിന്ന് രണ്ട് പുതിയ ഇനം കുരുമുളക് ഇനങ്ങൾ കണ്ടെത്തി. ഹെൽമെറ്റ് ആകൃതിയിലുള്ള ഉപദളങ്ങൾ ഇവയിൽ കാണപ്പെടുന്നു.
വയനാട്ടിൽനിന്ന് കണ്ടെത്തിയ മൂന്ന് സെ.മീ. മാത്രം വലിപ്പംവെക്കുന്ന ചെറിയ തിരികളോടുകൂടിയ ഇനത്തിന് പെപ്പർ കുറിച്യർ മലയാനമെന്നും ഇടുക്കി ജില്ലയിൽനിന്ന് കണ്ടെത്തിയ ഓവൽ ആകൃതിയിൽ കായ്കൾ ഉണ്ടാകുന്ന ഇനത്തിന് പെപ്പർ ഓവലി ഫ്രാക്ടം എന്നുമാണ് ശാസ്ത്രനാമങ്ങൾ നൽകപ്പെട്ടത്. രണ്ടിനങ്ങളുടെയും ആൺ-പെൺ പൂക്കൾ രൂപപ്പെടുന്നത് തിരിയിൽ ഒട്ടിച്ചേർന്നാണ്. പർപ്പിൾ വർണത്തിലുള്ള ആൺപൂക്കൾ കുറിച്യർമലയാനം എന്ന ഇനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര അധ്യാപകൻ ഡോ. ജോസ് മാത്യു, കൽപറ്റ സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ സീനിയർ ടെക്നിക്കൽ ഓഫിസർ സലിം പിച്ചൻ, കേരള യൂനിവേഴ്സിറ്റി സസ്യശാസ്ത്ര വിഭാഗം പ്രഫസർ ഡോ. പി.എം. രാധാമണി, ചെമ്പഴന്തി എസ്.എൻ കോളജ് സസ്യശാസ്ത്രവിഭാഗം അധ്യാപിക ഡോ. എസ്.എസ്. ഉഷ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ.
ഫിൻലാന്റിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അനൽസ് ബോട്ടാനിസി ഫെന്നിസി എന്ന ശാസ്ത്ര ജേണലിന്റെ പുതിയ വാല്യത്തിൽ ഈ സസ്യങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ചെടികളുടെ സംരക്ഷണത്തിനും രാസസംയുക്ത പഠനത്തിനുമുള്ള തയാറെടുപ്പുകൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.