അരൂർ: ചന്തിരൂർ വെളുത്തുള്ളി കോളനിയിൽ ഗൗരീശ ഭവനത്തിൽ 43കാരനായ ഗൗരീശൻ ഗൗരിയമ്മയെ ഓർക്കാത്ത ദിവസമില്ല. അത്രയേറെ ഗൗരീശെൻറ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് ഗൗരിയമ്മയുടെ ഓർമ്മകൾ. ഗൗരീശൻ അരൂർ ഗ്രാമപഞ്ചായത്ത് അംഗമായതും പിന്നീട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആയതും ജെ.എസ്.എസ് പ്രതിനിധിയായാണ്.
ഗൗരീശൻ എന്ന പേര് ഗൗരിയമ്മ ഇട്ടതാണ്. ഗൗരീശെൻറ പിതാവ് ടി.എ. കൃഷ്ണൻ തങ്കമ്മയെ വിവാഹം കഴിക്കുന്നത് ഗൗരിയമ്മയുടെ കാർമികത്വത്തിലാണ്; കുത്തിയതോട് സാരഥി തിയറ്ററിൽെവച്ച്.
കൃഷ്ണൻ കോടംതുരുത്ത് നിവാസിയാണെങ്കിലും അദ്ദേഹത്തിെൻറ രാഷ്ട്രീയ ജീവിതം അരൂരിൽ ആയിരുന്നു. 1970ൽ നടന്ന കുടികിടപ്പ് സമരത്തിന് പങ്കെടുത്ത കൃഷ്ണനും തങ്കമ്മയും അറസ്റ്റ് വരിക്കുമ്പോൾ കൂടെ രണ്ടുവയസ്സുകാരൻ ഗൗരീശനും ഉണ്ടായിരുന്നു. ആദ്യം ജില്ല ജയിലിലും പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലും കഴിയേണ്ടി വന്നപ്പോഴും രണ്ടുവയസ്സുകാരൻ തടവറയിലും കൂടെയുണ്ടായിരുന്നു. അവിടെ കൃഷ്ണനെയും കുടുംബത്തെയും കാണാൻ ഗൗരിയമ്മയും വി.എസ്. അച്യുതാനന്ദനും എത്തിയതും ഓർമ്മയാണ്. ഗൗരിയമ്മ അരൂരിൽനിന്ന് ആദ്യ മത്സരത്തിന് എത്തിയകാലം മുതൽ ഒരു നിഴൽപോലെ കൂടെയുണ്ടായിരുന്നു ടി.എ. കൃഷ്ണൻ.
1967ൽ ഗൗരിയമ്മ റവന്യൂ മന്ത്രിയായിരിക്കുമ്പോൾ ഗൗരിയമ്മയുമായുള്ള അടുപ്പം അറിഞ്ഞ് ഒരു പട്ടാളക്കാരൻ കൃഷ്ണനെ സമീപിച്ചു. വിമുക്തഭടന്മാർക്ക് ഭൂമി പതിച്ചു കൊടുക്കുന്ന ഒരു നിയമം നിലവിലുണ്ടെന്നും ഗൗരിയമ്മ വിചാരിച്ചാൽ വെളുത്തുള്ളിയിൽ കുറച്ചുഭൂമി തനിക്ക് ലഭിക്കുമെന്നും പട്ടാളക്കാരൻ പറഞ്ഞു. ഇതിനായി ശിപാർശയുംകൊണ്ട് തിരുവനന്തപുരത്ത് പോയി ഗൗരിയമ്മയെ കാണണം എന്നാണ് പട്ടാളക്കാരുടെ ആവശ്യം. ഭൂമിയുണ്ടെങ്കിൽ അത് ഭൂമിയില്ലാത്തവർക്ക് കിട്ടാവുന്ന തരത്തിൽ ഗൗരിയമ്മയെക്കൊണ്ട് തീരുമാനമെടുപ്പിക്കാൻ കൃഷ്ണൻ തീരുമാനിച്ചു.
ഗൗരിയമ്മയുടെ ഇതിനുള്ള നടപടിയാണ് 1967ലെ പ്രസിദ്ധമായ വെളുത്തുള്ളി സമരമായി പരിണമിച്ചത്. 78 ഏക്കർ വെളുത്തുള്ളി കായൽഭൂമിയിൽ 70 ഏക്കർ 70 വിവിധ മേഖലകളിലുള്ള ആളുകൾക്കായി വീതിച്ചുനൽകി. ആേറക്കർ കായൽ നികത്തി ഭൂമിയാക്കി 15 സെൻറ് വീതം നൽകി വേലാ പരവ കോളനി സ്ഥാപിച്ചു.
ഗൗരിയമ്മക്കൊപ്പം ടി.എ. കൃഷ്ണൻ
ഇടിയും തല്ലും കൊണ്ട് പാർട്ടി പടുത്തുയർത്താൻ ടി.എ. കൃഷ്ണൻ ഗൗരിയമ്മയുടെ പിൻബലത്തിൽ കരുത്തുമായി നാട്ടിൽ ഇറങ്ങിനടന്നു. സി.പി.എമ്മിെൻറ അരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയപ്പോൾ കൃഷ്ണനും കുടുംബവും ഗൗരിയമ്മക്കൊപ്പം പാർട്ടിയിൽനിന്ന് പുറത്തുപോയി. ജെ.എസ്.എസ് രൂപവത്കരിച്ച് പ്രവർത്തിച്ചുതുടങ്ങിയപ്പോൾ അതിനൊപ്പമായി. 2005 സെപ്റ്റംബർ 21ന്, 88ാം വയസ്സിൽ ടി.എ. കൃഷ്ണൻ മരിക്കുന്നതുവരെ ഗൗരിയമ്മക്കൊപ്പംനിന്നു. പിന്നീട്, മകൻ ഗൗരീശൻ ഗൗരിയമ്മയോടൊപ്പം ഉണ്ടായിരുന്നു, വിടപറയും വരെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.