ആറാട്ടുപുഴ: കരിമണൽ ഖനനത്തിനെതിരെ ആറാട്ടുപുഴയിൽ വീണ്ടും സമരം ശക്തമാകുന്നു. കായംകുളം പൊഴി ആഴംകൂട്ടുന്നതിെൻറ മറവിൽ ആരംഭിച്ച മണലെടുപ്പ് തീരവാസികൾ ആശങ്കപ്പെട്ടതുപോലെതന്നെ കരിമണൽ ഖനനമായി മാറിയതാണ് പ്രതിഷേധം ഉയരാൻ കാരണം. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിെൻറ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മണൽ വേർതിരിക്കുന്ന പണിക്കും ഐ.ആർ.ഇ കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിരുന്നു. പഞ്ചായത്തിെൻറ അനുമതിയില്ലാതെയാണ് ഈ നടപടികൾ. വേർതിരിച്ച് കരിമണൽ ലോറികളിൽ ചവറയിലെ ഐ.ആർ.ഇയിലേക്കും കെ.എം.എമ്മിലേക്കും കൊണ്ടുപോകാനുള്ള നീക്കമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഒാടെ പെരുമ്പള്ളി കുറിയപ്പശേരി ജങ്ഷനിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മണലുമായി വന്ന ലോറി തടഞ്ഞത്.
ലോറിയിൽ കൊടികുത്തി മുദ്രാവാക്യംവിളി തുടങ്ങി. ചില്ല് എറിഞ്ഞ് തകർത്തു. ടയറിനും കേടുവരുത്തി. സംഭവമറിഞ്ഞ് തൃക്കുന്നപ്പുഴയിൽനിന്ന് പൊലീസ് എത്തിയെങ്കിലും സമരക്കാർ പിൻവാങ്ങിയില്ല. തൃക്കുന്നപ്പുഴ സി.ഐ ടി. ദിലീഷ്, എസ്.ഐ ആനന്ദബോസ് എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. മണൽ തിരിച്ച് നിക്ഷേപിക്കാതെ ലോറി കടത്തിവിടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങേണ്ടിവന്നു. വൈകീട്ട് നാലോടെയാണ് സമരം അവസാനിച്ചത്.
മണൽ കയറ്റിവന്ന രണ്ട് ലോറികൾ വലിയഴീക്കലെത്തി മണൽ തിരികെ നിക്ഷേപിച്ചു. കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം പ്രസിഡൻറുമാരായ ജി.എസ്. സജീവൻ, രാജേഷ് കുട്ടൻ, ഡി.സി.സി അംഗം ബിജു ജയദേവ്, പഞ്ചായത്ത് അംഗം ടി.പി. അനിൽ കുമാർ, ജയൻ എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അച്ചു ശശിധരൻ, മണ്ഡലം ജനറൽ സെക്രട്ടറി ഡി. അജി, വൈശാഖ്, രവി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. ആറാട്ടുപുഴയിൽനിന്ന് കരിമണൽ കൊള്ള നടത്താൻ ആരെയും അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. സർക്കാർ നീക്കത്തിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡൻറ് എം. ലിജു എന്നിവരുമായി ആലോചിച്ച് വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കംകുറിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.