കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ആരും പാര്‍ട്ടി വിടില്ല -വി.ഡി. സതീശൻ

blurb തൃക്കാക്കരയിലെ എല്‍.ഡി.എഫ് പ്രകടനപത്രിക കാപട്യം കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രിക കാപട്യമെന്നും, കഴിഞ്ഞ ആറു വര്‍ഷമായി കൊച്ചിയുടെ വികസനത്തിന് പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. കെ.വി. തോമസ്​ ഇടതുപക്ഷത്തിനായി തെരഞ്ഞെടുപ്പ്​ രംഗത്ത്​ ഇറങ്ങാത്തതെന്തെന്ന ചോദ്യത്തിന്​ മുഖ്യമന്ത്രി ഷാള്‍ ഇട്ട് സ്വീകരിച്ചയാളെ എന്തുകൊണ്ടാണ് പ്രചാരണത്തിന് ഇറക്കാത്തതെന്ന് അദ്ദേഹത്തോടു തന്നെയാണ് ചോദിക്കേണ്ടതെന്നായിരുന്നു മറുപടി. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ആരും പാര്‍ട്ടി വിടില്ല. ഇപ്പോള്‍ പോയവരൊക്കെ ഒറ്റക്കാണ് പോയത്. തലകറങ്ങി വീണാല്‍ സോഡ വാങ്ങിക്കൊടുക്കാന്‍ പോലും ആരും ഒപ്പം പോവില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോര്‍ജിന് ഒളിവിൽ പോകാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തത് സര്‍ക്കാറാണ്. കോടതിക്ക് പുറത്തും തൃക്കാക്കരയിലും ജോര്‍ജ് വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചു. എന്നിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ധന നികുതിയില്‍നിന്നും അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാർ തയാറാകണമെന്ന് അദ്ദേഹം​ ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. ഇന്ധന നികുതിയില്‍ നാമമാത്രമായ കുറവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ കുറവ് വരുത്താന്‍ കേന്ദ്രം തയാറാകണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല. തൃക്കാക്കരയിലൂടെ നൂറ് തികക്കാന്‍ നടക്കുകയാണ്​ ഇടതുമുന്നണി, പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്. ഒരു കാലത്തും ഇല്ലാത്ത വിലക്കയറ്റമാണ് കേരളത്തിലെന്നും​ അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.