കോതമംഗലം: വാർഡ് വിഭജനത്തിൽ പരാതികളുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും. നഗരസഭയിലെയും ഗ്രാമപഞ്ചായത്തുകളിലെയും വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് അപാകതകൾ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്ത് വന്നത്. വിജ്ഞാപനം ഇറങ്ങി ആദ്യദിനങ്ങളിൽ പരാതി കുറവായിരുന്നുവെങ്കിലും വാർഡുകളുടെ ഡിജിറ്റൽ മാപ്പ് പരിശോധിച്ച് തുടങ്ങിയതോടെയാണ് വ്യാപക പരാതി ഉയർന്നത്. ഒരോ വാർഡിലും കണക്കാക്കേണ്ട വീടുകളുടെയും വോട്ടർമാരുടെയും എണ്ണത്തിനനുസരിച്ച് വാർഡ് വിഭജനം നടത്തി എന്നതാണ് ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ വാർഡുകളെ തിരിച്ചിരുന്ന ഭൂമിശാസ്ത്രപരമായ അതിരുകൾ ഇല്ലാത്തതും തിരിച്ചടിയായി.
നഗരസഭയിലെ വാർഡ് വിഭജനം നടത്തിയിട്ടുള്ളത് പൂർണ്ണമായും സി.പി.എമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണെന്നും മാനദണ്ഡങ്ങൾ മറികടന്നാണ് അതിർത്തികൾ നിശ്ചയിച്ചിട്ടുള്ളതെന്നും ഇതിനെതിരെ ഡിലിമിറ്റേഷൻ കമ്മിറ്റിക്ക് പരാതി നൽക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഷമീർ പനക്കൽ പറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തിൽ പഴയ എട്ടാം വാർഡ് വിഭജനം മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ആരോപിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. നഗരസഭയുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ട് കിടക്കാത്ത തട്ടുപറമ്പ് വാർഡ് നഗരസഭാതിർത്തിയിലേക്ക് നീട്ടിയതിലും പരാതി ഉയരുന്നുണ്ട്. 19-ാം വാർഡ് വിഭജനത്തിൽ എതിർപ്പുമായി സി.പി.ഐയും രംഗത്ത് വന്നിട്ടുണ്ട്. പിണ്ടിമന പഞ്ചായത്തിൽ മൂന്ന് മുതൽ ഏഴുവരെ വാർഡുകളുടെ വിഭജനം ആശാസ്ത്രീയമാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ഘടകകക്ഷികളും രംഗത്തുണ്ട്.
നഗരസഭയിൽ നിലവിലെ 31 വാർഡുകൾ 33 ആയി വർധിക്കും. എല്ല വാർഡിലും അതിർത്തി പുനർനിർണയമുണ്ട്. കുമ്പളത്തുമുറി (10),കറുകടം ഈസ്റ്റ് (22) എന്നീ പേരുകളിലാണ് പുതിയ വാർഡുകൾ. ചർച്ച് വാർഡ് (18) കോഴിപ്പിള്ളി എന്നു പുനർനാമകരണം ചെയ്തു.10 മുതൽ വാർഡ് നമ്പറിൽ മാറ്റമുണ്ട്.1063 മുതൽ 1247 വരെയാണ് വാർഡുകളിൽ കണക്കാക്കുന്ന ജനസംഖ്യ.
കോതമംഗലം ബ്ലോക്കിലെ 10 പഞ്ചായത്തുകളിൽ കുട്ടമ്പുഴ ഒഴികെ ഒമ്പതിലും വാർഡ് കൂടി. കോട്ടപ്പടി പഞ്ചായത്തിൽ 13 വാർഡ് എന്നത്15 ആകും. കോട്ടപ്പടി (14),ഹൈസ്കൂൾ (15) എന്നിവയാണ് പുതിയ വാർഡുകൾ. പിണ്ടിമനയിൽ 13 വാർഡുകൾ 14 ആയി വർധിക്കും. അടിയോടി (11)ആണ് പുതിയ വാർഡ്. നെല്ലിക്കുഴി പഞ്ചായത്തിൽ 21 വാർഡുകൾ മൂന്നെണ്ണം അധികരിച്ച് 24 ആകും. തങ്കളം (8),സദ്ദാംനഗർ (12) പൂവത്തൂർ(23) എന്നിവയാണ് പുതിയ വാർഡുകൾ. കീരംപാറയിൽ 13 എന്നത് 14 ആയി.
പാലമറ്റം വാർഡ് പാലമറ്റം നോർത്ത് (5), പാലമറ്റം സൗത്ത് (6) എന്നീ പേരുകളിലായി. കുട്ടമ്പുഴയിൽ 17 വാർഡുള്ളത് നിലനിർത്തി അതിർത്തികൾ പുനർനിർണയിച്ചു.കവളങ്ങാട് 18 വാർഡ് 19 ആയി വർധിപ്പിച്ചു. കണ്ണാടിക്കോട് (18) ആണ് പുതിയ വാർഡ്.വാരപ്പെട്ടിയിൽ 13 വാർഡ് 15 ആയി ഉയർത്തി. രണ്ട് പുതിയ വാർഡുണ്ടായപ്പോൾ മറ്റ് അഞ്ച് വാർഡുകളുടെ പേര് മാറ്റി. പല്ലാരിമംഗലത്ത് 13 വാർഡ് 14 ആയി വർധിപ്പിച്ചു. പള്ളിക്കുന്ന് (2) ആണ് പുതിയ വാർഡ്.പോത്താനിക്കാട് 13 വാർഡ് 14 ആയി വർധിപ്പിച്ചു.മഠം പടി(12) ആണ് പുതിയ വാർഡ്.പൈങ്ങോട്ടൂരിൽ 13 വാർഡ് 14 ആയി വർധിപ്പിച്ചു. വടക്കേപുന്നമറ്റം (2) ആണ് പുതിയ വാർഡ്.ഡിസംബർ മൂന്ന് വരെയാണ് വിഭജനം സംബന്ധിച്ച പരാതികൾ നൽകാനുള്ള അവസാന തീയതി. കൂടുതൽ പരാതികൾ വരും ദിവസങ്ങളിൽ ഉയർന്നുവരുമെന്നാണ് ലഭിക്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.