കായംകുളം: ഗൃഹനാഥനെ വീടിന് സമീപത്തെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പെരിങ്ങാല വില്ലേജിൽ ഈരേഴ തെക്ക് മുറിയിൽ കോട്ടൂർ കിഴക്കതിൽ വിഷ്ണു (29). പെരിങ്ങാല മുറിയിൽ ഇലഞ്ഞിക്കൽ വീട്ടിൽ സുധീരൻ (48), പെരിങ്ങാല മുറിയിൽ കോളഭാഗത്ത് വീട്ടിൽ വിനോദ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങാല ഊടത്തിൽ മുക്കിനു സമീപം കൃഷ്ണാലയത്തിൽ കൊച്ചുനാണുവിന്റെ മകൻ കൃഷ്ണകുമാറിനെയാണ് (45) മർദിച്ച് കൊലപ്പെടുത്തിയത്. വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിലെ പ്രകോപനമാണ് മർദന കാരണമായത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൃഷ്ണകുമാറിനെ അബോധാവസ്ഥയിൽ വീടിന് സമീപം കണ്ടെത്തിയത്. ഉടൻ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ ആറാട്ടുപുഴ, കാപ്പിൽ കിഴക്ക് എന്നിവിടങ്ങളിൽനിന്നാണ് പിടിയിലായത്. സംഭവം നടക്കുമ്പോൾ കൃഷ്ണകുമാറിന്റെ ഭാര്യ ശരണ്യ മക്കളുമായി ഒന്നാംകുറ്റിയിലുള്ള സ്വന്തം വീട്ടിലായിരുന്നു. മെക്കാനിക്കായ കൃഷ്ണകുമാർ ശനിയാഴ്ച ജോലി കഴിഞ്ഞ് ഇവിടെ എത്തി രാത്രി കഴിക്കാനുള്ള ഭക്ഷണവുമായാണ് വീട്ടിലേക്ക് മടങ്ങിയത്. പോകുന്ന വഴിയിൽ പതിവായി മദ്യപിക്കുന്ന സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പിന്നാലെ എത്തി വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിക്കുകയായിരുന്നു. വീട്ടിലെത്തി ഭക്ഷണം വെച്ച ശേഷം ഷർട്ട് മാറുന്നതിനിടെയാണ് ഇവർ എത്തുന്നത്. അടുക്കള വാതിലിലൂടെയാണ് പുറത്തിറങ്ങിയത്. ഇവിടെനിന്നും വലിച്ചിഴച്ച പാടുകൾ കണ്ടിരുന്നതായി ബന്ധുക്കൾ സ്ഥലം സന്ദർശിച്ച ജില്ല പൊലീസ് മേധാവി ജി. ജയദേവിന് മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കനകക്കുന്ന് സി.ഐ ജയകുമാർ, കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, മണിക്കുട്ടൻ, ഇയാസ്, രാജേന്ദ്രൻ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. APGKY2MURDER photo VINOD SUDHERAN VISHNU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.