അമ്പലപ്പുഴ: പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ പിടിയിൽ. എറണാകുളം കളമശ്ശേരി, പോണേക്കര ഗായത്രി നിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട, കുമ്പഴ, വള്ളിപ്പറമ്പ് വീട്ടിൽ സിറിൾ (31) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ജില്ലകളിൽനിന്ന് ജോലി വാഗ്ദാനം നൽകി യുവാക്കളുടെ സർട്ടിഫിക്കറ്റുകളും ഫോട്ടോയും തിരിച്ചറിയൽ രേഖകളും വാങ്ങി വ്യാജ കാൾ ലെറ്റർ അയച്ച് ബംഗളൂരു, യു.പി മുതലായ സ്ഥലങ്ങളിൽ താമസിപ്പിക്കും. ഇവിടെ റിക്രൂട്ട്‌മൻെറിന് സമാനമായ രീതിയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക അറിയിപ്പുകൾ മേൽവിലാസത്തിൽ അറിയിക്കുമെന്ന ഉറപ്പും നൽകിയാണ് തിരിച്ചയക്കുന്നത്. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ടാൽ കിട്ടാറില്ല. പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ചേർന്ന് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള പത്തോളം യുവാക്കളിൽനിന്ന് രണ്ടുവർഷം മുമ്പ് അഞ്ചു ലക്ഷം രൂപ വീതം വാങ്ങിയിരുന്നു. കളമശ്ശേരിയിലുള്ള സന്തോഷിന്റെ വീട്ടിൽവെച്ചാണ് സിറിൾ ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി പണം ആവശ്യപ്പെട്ടത്. മേജറുടെ യൂണിഫോം ധരിച്ച് സന്തോഷും ഉണ്ടായിരുന്നു. പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും റിക്രൂട്ട്‌മൻെറ് കാര്യങ്ങൾ നോക്കുന്നത് ഇദ്ദേഹം ആണെന്നും പറഞ്ഞാണ് സന്തോഷിനെ പരിചയപ്പെടുത്തിയത്. തുടർന്ന് സിറിൾ നൽകിയ അക്കൗണ്ടിലേക്ക് ചെറുപ്പക്കാർ പണം നിക്ഷേപിക്കുകയായിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും ജോലിയോ, പണമോ ലഭിക്കാതിരുന്നതിനെ തുടർന്നാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. അമ്പലപ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിറിൾ പാലക്കാടും സന്തോഷ് ബംഗളൂരുവിലും ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അമ്പലപ്പുഴ ഡിവൈ.എസ്.പി എസ്.ടി. സുരേഷ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്.ഐ പി.ജെ. ടോൾസന്‍റെ നേതൃത്വത്തിൽ ഒരു സംഘം പാലക്കാട്ടേക്കും സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലേക്കും പ്രതികളെ അന്വേഷിച്ചുപോയി. പ്രതികളെ ഒരേസമയം രണ്ടുസ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. സന്തോഷിന്റെ പേരിൽ 2005 മുതൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് നെയ്യാർ, കൊട്ടാരക്കര, ചവറ, കായംകുളം, കനകക്കുന്ന്, വെണ്മണി, ഹരിപ്പാട് മുതലായ സ്‌റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. രണ്ടുവർഷം മുമ്പാണ് സിറിൾ സന്തോഷിനൊപ്പം കൂടുന്നത്. പ്രത്യേക അന്വേഷണ സംഘത്തിൽ സി.പി.ഒമാരായ എം.കെ. വിനിൽ, യു. വിനുകൃഷ്ണൻ, ദിനു വർഗീസ്, മനീഷ്, ഡ്രൈവർ അനീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്യാപ്ഷൻ: പിടിയിലായ സന്തോഷ്, സിറിള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.