ഇൻസ്​റ്റഗ്രാം റീലിനായി 'വെടിവെപ്പ്​' കാര്യമായി, അഭിഭാഷകന്​ പരിക്ക്​ രണ്ടുപേർ പിടിയിൽ

കൊച്ചി: ഇൻസ്റ്റഗ്രാം റീലിനായി നടത്തിയ ഷൂട്ടിങ്ങിലെ ​'വെടിവെപ്പ്​' കാര്യമായപ്പോൾ രണ്ടുയുവാക്കൾ പൊലീസ്​ പിടിയിൽ. ശനിയാഴ്ച അർധരാത്രി പാലാരിവട്ടത്താണ്​ സംഭവം. എയർഗൺ നീട്ടിപ്പിടിച്ച്​ നടത്തിയ ഷൂട്ടിങ്ങിനിടെ കാഞ്ചിയിലെ പിടിത്തം മുറുകി വെടിപൊട്ടിയപ്പോൾ കൊണ്ടത് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്ന അഭിഭാഷകന്റെ നെറ്റിയിലാണ്​. പരിക്കേറ്റ പറവൂർ സ്വദേശിയായ അഡ്വ. അജ്മലിന്റെ പരാതിയിലാണ് അറസ്റ്റ്. കളമശ്ശേരി കുറ്റിക്കാട്ടുകര പുതിയ റോഡ് വസന്ത വിഹാറിൽ അർജുൻ (22), കറുകപ്പള്ളി കണറ്റിൻകരതുണ്ടിയിൽ ഉബൈസ് (29) എന്നിവരാണ് പാലാരിവട്ടം പൊലീസ്​ പിടിയിലായത്. കേസിൽ രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അർജുന്റെ എയർഗണ്ണിൽനിന്നാണ് വെടിയുതിർന്നത്. ആറുമാസം മുമ്പ് കൊച്ചിയിലെ തോക്ക് വ്യാപാര കേന്ദ്രത്തിൽനിന്ന് 4500 രൂപക്കാണ് അർജുൻ എയർഗൺ വാങ്ങിയതെന്ന്​ പറയുന്നു. എയ‌ർ ഗണ്ണിന്റെ നിറം കൈത്തോക്കിന് സമാനമായി മാറ്റിയത് സുഹൃത്തുക്കളെ കാണിക്കാനാണ് എത്തിയത്. സുഹൃത്തുക്കൾക്കൊപ്പം റീൽസ് ഷൂട്ടിങ്​ നടത്തുന്നതിനിടെയാണ് വെടിയുതിർന്നത്. വെടിപൊട്ടിയതിന് പിന്നാലെ ചെറുപ്പക്കാരെല്ലാം സ്ഥലം വിട്ടു. എയർഗണ്ണിൽ തിരയുണ്ടായില്ലെന്നാണ് കരുതിയതെന്നും അബദ്ധത്തിൽ പറ്റിയതാണെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഒരു സംഘടനയുടെ സമ്മേളനത്തിനാണ് അജ്മലും സുഹൃത്തും കൊച്ചിയിൽ എത്തിയത്. രാത്രി പന്ത്രണ്ടരയോടെ ഭക്ഷണം കഴിക്കാനാണ് പാലാരിവട്ടത്ത്​ പോയത്. നെറ്റിക്കും ചെവിക്കുമാണ് വെടിയേറ്റത്​​. ആശുപത്രിയിൽനിന്നാണ് പൊലീസിന് വിവരം അറിയിച്ചത്. പരിസരത്ത് സി.സി ടി.വി പരിശോധിച്ചാണ് പൊലീസ്​ പ്രതികളിലേക്ക് എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.