കളമശ്ശേരി: കൊച്ചി സർവകലാശാല കാമ്പസിൽ വിദ്യാർഥികളിൽ പനി പടർന്നതിനാൽ പരീക്ഷകൾ മാറ്റിവെക്കുകയും ഹോസ്റ്റലുകൾ അടക്കുകയും ചെയ്തു.136 വിദ്യാർഥികൾക്കാണ് പനി സ്ഥിരീകരിച്ചത്. കോവിഡ് ആൻറിജൻ പരിശോധനയിൽ ഇതിൽ നാലുപേർക്ക് പോസറ്റിവായി. ഇവരെ വീടുകളിലേക്ക് വിട്ടു. പനിബാധിതരുടെ എണ്ണം കൂടാതിരിക്കാൻ അന്തർ സംസ്ഥാന വിദ്യാർഥികൾ അടക്കം താമസിക്കുന്ന ഹോസ്റ്റലുകൾ അടക്കാനാണ് നിർദേശം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് ഹോസ്റ്റലുകളിൽനിന്ന് ഒഴിയാനും നിർദേശിച്ചു. 31വരെയാണ് അടച്ചിടുക. സർവകലാശാലയിലെ 13 ഹോസ്റ്റലുകളിൽ 11 എണ്ണത്തിലും പനിബാധിതരുണ്ടെന്നാണ് വിലയിരുത്തൽ. ഈ മാസം തീരുമാനിച്ച എല്ലാ റെഗുലർ പരീക്ഷകളും മാറ്റിയതായും സർവകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ, അവസാന വർഷ യു.ജി, പി.ജി പരീക്ഷകൾ ഷെഡ്യൂൾ അനുസരിച്ച് നടത്തും. അവസാന വർഷ പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്കും ഗവേഷകർക്കും ഹോസ്റ്റലിൽ താമസിക്കാൻ അനുമതിയുണ്ട്. അവധി നിഷേധിക്കപ്പെട്ട ടീച്ചിങ് ഡിപ്പാർട്മെന്റിലെ റെഗുലർ ക്ലാസുകൾ 31വരെ ഓൺലൈനായി നടക്കും. അഡീഷനൽ ഡി.എം.ഒ ഡോ.എസ്. ശ്രീദേവിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സർവകലാശാലയിലെത്തി പരിശോധന നടത്തി. ഹോസ്റ്റലുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അസുഖ ബാധിതരുടെ രക്തത്തിന്‍റെയും സാമ്പിളുകളും പരിശോധനക്കെടുത്തു. മൂന്നിടത്ത് ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഡെങ്കിയോ, എലിപ്പനിയോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ആരോഗ്യ വിഭാഗം പറഞ്ഞത്. തിങ്കളാഴ്ച നടന്ന ആറാം സെമസ്റ്റർ പരീക്ഷയിൽ പകുതിയോളം കുട്ടികളെ എഴുതാൻ എത്തിയുള്ളു. പനി ബാധിതരിൽ ഏറെയും പെൺകുട്ടികളാണ്. ആരോഗ്യവിഭാഗത്തിന്‍റെ നിർദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. കഴിഞ്ഞയാഴ്ചയായിരുന്നു സർവകലാശാല കലോത്സവം. അഞ്ചു ദിവസത്തെ പരിപാടികളിൽ ആവശ്യമായ മുൻകരുതലൊന്നും പാലിച്ചിരുന്നില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.