അവാര്‍ഡ് തിളക്കത്തിൽ ഷാഹി കബീർ

ആലപ്പുഴ: മികച്ച കഥാകൃത്തിനുള്ള അവാര്‍ഡ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ്‌ ആലപ്പുഴ സീവ്യൂ വാര്‍ഡ് കന്നിട്ടയില്‍ ഷാഹി കബീര്‍. കുഞ്ചാക്കോ ബോബന്‍, ജോജു, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ നായാട്ടിന്റെ കഥയൊരുക്കിയതിനാണ് സംസ്ഥാന പുരസ‍്കാരം തേടിയെത്തിയത്. നായാട്ട് മത്സരത്തിലുണ്ടെന്നറിഞ്ഞപ്പോൾ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ചിലപ്പോൾ അവാർഡ് കിട്ടിയേക്കുമെന്ന് പലരും പറഞ്ഞു. ആദ്യമായി സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാഹി. സംവിധായക കുപ്പായമണിഞ്ഞ സമയത്താണ് കഥക്ക് പുരസ്‍കാരം എന്നത് പ്രത്യേകതയായി. സുഹൃത്തുക്കളായ ജി. നിതീഷും ഷാജി മാറാടുമാണ് ഇലവീഴാപൂഞ്ചിറയുടെ കഥ എഴുതുന്നത്. ഇരുവരും പൊലീസുകാരാണ്. സൗബിനാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. നായാട്ടിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ വിളിച്ച് അഭിനന്ദിച്ചു. നായാട്ട് ടീം ആകെ സന്തോഷത്തിലാണ്. ഷാഹി പറഞ്ഞു. കോട്ടയം കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ഷാഹി സിനിമക്കായി അവധിയെടുത്തിരിക്കുകയാണ്. ഭാര്യ: സബീന. മക്കള്‍: ഫഹീം, ഫഹ്‍മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.