എണ്ണിത്തുടങ്ങി; യു.ഡി.എഫ്​ ആഘോഷവും തുടങ്ങി

കൊച്ചി: ​വോട്ടെണ്ണൽ തുടങ്ങിയ ആദ്യനിമിഷം മുതൽ തന്നെ ഉമ തോമസിന്​ അനുകൂലമായ ട്രെൻഡ് വ്യക്​തമായതോടെ യു.ഡി.എഫ്​ ക്യാമ്പുകളിൽ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. പോളിങ്​ സ്​റ്റേഷന്​ മുന്നിൽ കൂടിനിന്ന​ പ്രവർത്തകർ മു​ദ്രാവാക്യങ്ങൾ വിളിച്ചു തുടങ്ങി. വോട്ടെണ്ണലിന്​ മുന്നെ വിജയമുറപ്പിച്ച മട്ടിലായിരുന്നു യു.ഡി.എഫ്​ പ്രവർത്തകരുടെ ആവേശം. പോസ്റ്റൽ വോട്ടെണ്ണിയതിന്‍റെ ഫലം പുറത്തുവന്നതോടെ കൗണ്ടിങ്ങ്​ സെന്‍ററായ മഹാരാജാസ്​ കോളജിന്​ മുന്നിലേക്ക്​ കൂടുതൽ പ്രവർത്തകർ എത്തി. തുടർന്ന്​ ആവേശ കൊടുമുടിയിലായ പ്രവർത്തകർ ഉമ തോമസിനെ അഭിനന്ദിച്ച്​ മുദ്രാവാക്യം വിളികളുമായി പ്രകടനം തുടങ്ങി. ലീഡ്​ നില 5000 കടന്നതോടെ വിജയം ഉറപ്പിച്ച പ്രവർത്തകർ മുഖ്യമന്ത്രിക്കും സർക്കാറിനും കെ-റെയിൽ പദ്ധതിക്കുമെതിരെ രൂക്ഷ വിമർശനമാണ്​ ഉയർത്തിയത്​. പുറത്താക്കിയ കോൺഗ്രസ്​ നേതാവ്​ കെ.വി. തോമസിനെതിരെയും വൻ പ്രതിഷേധം ഉയർന്നു. ജയ്​ വിളിച്ചും പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനം തുടങ്ങിയ പ്രവർത്തകർ കെ.വി. തോമസിന്‍റെ കോലവും പോസ്റ്ററും കത്തിച്ചു. ലീഡ്​ നില പതിനായിരം കടന്നതോടെ കൗണ്ടിങ്ങ്​ സ്​റ്റേഷനിലേക്ക്​ നൂറ്​ കണക്കിന്​ പ്രവർത്തകർ ഒഴുകിയെത്തി. ചെറുസംഘങ്ങളായി ആഹ്ലാദ പ്രകടനവും തുടങ്ങി. ഡി.സി.സി ഓഫിസിനു മുന്നിലും പ്രകടനം ആരംഭിച്ചതേ​ാടെ തൃക്കാക്കര യു.ഡി.എഫിന്‍റെ കൈയിൽ തന്നെയൊതുങ്ങിയെന്ന്​ ഉറപ്പിച്ചു. ഘടകകക്ഷികളടക്കം കൊടികൾ വീശിയും കൊട്ടും പാട്ടുമായി പ്രകടനം തുടങ്ങി. വിജയമുറപ്പിച്ച ശേഷം കൗണ്ടിങ്ങ്​ സ്​റ്റേഷനിൽനിന്ന്​ പുറത്തുവന്ന ഉമ തോമസിനെ നൂറുകണക്കിന്​ പ്രവർത്തകർ വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്​. ​പതാകയും പൊന്നാടയും പൂക്കളും നൽകി. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞാണ്​ ഉമ തോമസ്​ പ്രവർത്തകരുടെ അടുത്തേക്കെത്തിയത്​. വിജയാഹ്ലാദത്തിന്‍റെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഉമയുടെ കണ്ണ്​ പലപ്പോഴും നിറഞ്ഞു. കൗണ്ടിങ്​ സ്​റ്റേഷനിൽനിന്ന്​ ഡി.സി.സി ഓഫിസിലെത്തിയപ്പോൾ വലിയ ആവേശമായിരുന്നു. നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന്​ ഉമ തോമസിനെ സ്വീകരിച്ചു. *​ശോകമായി ലെനിൻ സെന്‍റർ വോട്ടെണ്ണൽ തുടങ്ങും മുമ്പെ ഡി.സി.സി ഓഫിസിൽ ആളും ആരവവും ഉണ്ടായിരുന്നെങ്കിൽ ലെനിൻ സെന്‍ററിൽ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. രാവിലെ ഏഴോടെ ജോ ജോസഫ്​ പാർട്ടി ഓഫിസിലെത്തുമെന്നാണ്​ അറിയിച്ചത്​. എന്നാൽ, സ്ഥാനാർഥിയെത്തിയിട്ടും മുതിർന്ന പ്രധാനപ്പെട്ട നേതാക്കളാരും പാർട്ടി ഓഫിസിലെത്തിയില്ല. സാഹചര്യം പ്രതികൂലമാണെന്ന്​ സൂചന വന്നതോടെ ജോ ജോസഫും പ്രവർത്തകരും ഭക്ഷണം കഴിക്കാനെന്ന പേരുപറഞ്ഞ്​ പുറത്തിറങ്ങി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ നമുക്ക്​ നോക്കാലോ എന്ന്​ പറഞ്ഞിറങ്ങി. പിന്നാലെ പാർട്ടി ഓഫിസിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരെ സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ്​ മണി വന്ന്​ നിർബന്ധിച്ചിറക്കി വിട്ടു. മാധ്യമങ്ങളോട്​ പ്രതികരിക്കാൻ പോലും പാർട്ടി ഓഫിസിൽ നേതാക്കൾ ഉണ്ടായിരുന്നില്ല. വൈകിയെത്തിയ​ നേതാക്കളാണ്​ പിന്നീട്​ മാധ്യമങ്ങളോട്​ പ്രതികരിച്ചത്​. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരും പോയതോടെ ആളും ആരവവുമില്ലാതെ​ ശോകാവസ്ഥയിലായി ലെനിൻ സെന്‍റർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.