കാക്കനാട്: ഡി.എൽ.എഫ് ഫ്ലാറ്റിലെ താമസക്കാരായ 25 പേർ കുടിവെള്ളത്തിൽ നിന്നുള്ള അണുബാധ മൂലം പനിയും വയറിളക്കവും ഛർദിയുമായി ചികിത്സ തേടി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഫ്ലാറ്റിലെ താമസക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്.
ആരോഗ്യവിഭാഗം നടത്തിയ സർവേയിലാണ് 25 ഓളം പേർ വയറിളക്കവും ഛർദിയുമായി വിവിധ ആശുപത്രിയിൽ ചികിത്സ തേടിയാതായി കണ്ടെത്തിയത്. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ശശിയുടെ നേതൃത്വത്തിൽ ശനിയാഴ്ച അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമെസ്റ്റിക്ക് ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറികളിൽ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയിൽ നിന്നായി സാമ്പിളുകൾ എടുത്ത് പരിശോധനക്ക് അയച്ചു. കുടിവെള്ള സംഭരണിയിലെ അയേൺ ഫിൽറ്റർ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടത്തി. ഫിൽറ്റർ പ്രവർത്തിക്കാത്തത് മൂലം അയേണിന്റെ അളവ് വെള്ളത്തിൽ കൂടുകയും ഈ വെള്ളം ഉപയോഗിക്കുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ സംഭവിക്കുന്നു. ഇതാകാം രോഗബാധക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം.
തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള ഡി.എൽ.എഫ് സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശിക്കുകയും ചെയ്തു.
തുടർന്ന് ഞായറാഴ്ച രാവിലെ തൃക്കാക്കര പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. മേഘ്ന രാജിന്റെ നേതൃത്വത്തിൽ 11 ആശ പ്രവർത്തകർ ഉൾപ്പെടുന്ന ടീം ഫ്ലാറ്റിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. വിവിധ ഫ്ലാറ്റുകൾ സന്ദർശിച്ച് രോഗ വിവരങ്ങൾ ശേഖരിക്കുകയും ബോധവത്ക്കരണം നൽകുകയും ചെയ്തു.
ഒ.ആർ.എസ് പാക്കറ്റും സിങ്ക് ഗുളികയും ഫ്ലാറ്റ് നിവാസികൾക്ക് നൽകി. ആറ് ബ്ലോക്കുകളിലായി അഞ്ചൂറോളം അപ്പാർട്ടുമെന്റുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്.
ഇതിൽ 300 അപ്പാർട്ടുമെൻറുകളിൽ താമസക്കാർ ഉണ്ടായിരുന്നില്ല. തുടർ ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വപരിശോധനയും നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.